-->
ചെറുപുഴ(കണ്ണൂര്‍): മുഖ്യമന്ത്രിയില്‍ നിന്നും മികച്ച പച്ചക്കറി കൃഷി ചെയ്‌തതിന് അവാര്‍ഡ് ഏറ്റുവാങ്ങിയ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും മികച്ച കര്‍ഷകന്‍ ഏലിയാസ് അമ്പാട്ട്(57) കടക്കെണിയില്‍ ജീവിതം അവസാനിപ്പിച്ചു. കീടനാശിനി കുടിച്ച് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.
ബുധനാഴ്‌ച രാവിലെ ചെറുപുഴ ഇടവരമ്പിലെ കൃഷിയിടത്തിലാണ് ഏലിയാസിനെ കീടനാശിനി കഴിച്ച് ഗുരുതരാവസ്‌ഥയില്‍ കണ്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കൃഷിവകുപ്പില്‍ നിന്നുള്ള ഒരുലക്ഷത്തിനാലായിരം രൂപ ഏലിയാസിനെ തേടിയെത്തി.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പോലും സമയബന്ധിതമായി ലഭിക്കാതിരുന്നതാണ് ഇദ്ദേഹത്തേ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സബ്‌സിഡി ആനുകൂല്യങ്ങള്‍ക്കായി നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങിയ ഇദ്ദേഹം ഏറെ അസ്വസ്‌ഥനായിരുന്നു.
ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ ഇടവരമ്പ് എന്ന സ്‌ഥലത്താണ് ഇദ്ദേഹം താമസിക്കുന്നത്. ഭൂമി പാട്ടത്തിന് എടുത്താണ് ഇദ്ദേഹം പച്ചക്കറി കൃഷി നടത്തിയിരുന്നത്. കാര്‍ഷിക വിളകള്‍ക്ക് വില കിട്ടാത്തത് അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യത ഏലിയാസ് അമ്പാട്ട് നേരിട്ടിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. സര്‍ക്കാര്‍ ആനുകൂല്യം പോലും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് ഏലിയാസ് പരാതിപ്പെട്ടിരുന്നു. ഏലിയാസിന് 40 ലക്ഷത്തിലധികം രൂപ കട ബാധ്യതയുണ്ടായിരുന്നതായി സഹോദരന്‍ വര്‍ക്കി പറഞ്ഞു.
മികച്ച പച്ചക്കറി കൃഷി കര്‍ഷകനുള്ള സംസ്‌ഥാന അവാര്‍ഡടക്കം ബഹുമതികള്‍ പലകുറി ഏലിയാസിനെ തേടിയെത്തിയിരുന്നു.