Wednesday, March 18, 2026 Last Updated 19 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 06.58 PM

ആലിന്‍ എന്ന കുഞ്ഞ് മാലാഖ നമുക്കിടയിൽ ജീവിച്ചിരുന്നു; ഇനിയും അനശ്വരമായി ജീവിക്കും:ആരോഗ്യ മന്ത്രി വീണാ ജോർജ്

uploads/news/2026/02/825585/VEENA GEORGE.gif

മലപ്പള്ളി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന് അനുശോചനം അറിയിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും. ആലിന്‍ എന്ന കുഞ്ഞ് മാലാഖ നമുക്കിടയിൽ ജീവിച്ചിരുന്നുവെന്നും ഇനിയും അനശ്വരമായി ജീവിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ആലിന്റെ മാതാപിതാക്കള്‍ നന്മയുള്ളവരാണെന്നും മന്ത്രി പറഞ്ഞു. ആലിൻ ഷെറിന് അനുശോചനമറിയിക്കാൻ വീണാ ജോർജും സുരേഷ് ഗോപിയും കുഞ്ഞിൻ്റെ സംസ്കാര ചടങ്ങുകൾ നടക്കുന്ന പള്ളിയിൽ എത്തിയിരുന്നു,

ആലിന്‍ മോള്‍ യാത്രയാകുന്നില്ലെന്നും അവയവദാനം ചെയ്തതിലൂടെ മറ്റുള്ളവരിലൂടെ ജീവന്‍ നിലനിര്‍ത്തുകയാണെന്നും സുരേഷ് ഗോപിയും പറഞ്ഞു. ദൈവത്തിന്റെ മടിയിലാണ് കുഞ്ഞിന് ഇടം. ഈ മുഹൂര്‍ത്തവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന ഒരച്ഛന്‍ എന്ന നിലയിലാണ് താന്‍ ഇവിടെ എത്തിയത്. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം കൂടിയാണ് എത്തിയത്. ആലിൻ ഷെറിൻ വലിയ സന്ദേശമാണ് നല്‍കിയതെന്നും നമ്മുടെ ജീവിതത്തില്‍ ആലിന്‍ നിത്യം വാഴുമെന്നും സുരേഷ് ഗോപി പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാം, ഷെറിന്‍ ആന്‍ ജോൺ എന്നിവരുടെ മകളായിരുന്നു ആലിന്‍ ഷെറിന്‍. ഫെബ്രുവരി അഞ്ചിനായിരുന്നു ആലിന്‍ ഷെറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ആലിനും മാതാവും മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. എം സി റോഡില്‍ പള്ളം ബോര്‍മ കവല ജംഗ്ഷനില്‍വെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ആലിന്‍ ഷെറിന് സാരമായ പരിക്കേറ്റിരുന്നു. ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലായിരുന്നു ആലിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ തിരുവല്ലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ പതിമൂന്നിന് മരണം സംഭവിക്കുകയായിരുന്നു.

കടുത്ത ദുഃഖത്തിലും ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. നേത്രപടലങ്ങള്‍, വൃക്കകള്‍, കരള്‍ അടക്കമാണ് ദാനം ചെയ്തത്. കുഞ്ഞിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനും വൃക്കകള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള പത്ത് വയസുകാരനുമായിരുന്നു നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW