Sunday, March 15, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 08.29 AM

മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട് 227 കി.മീ ; ആശുപത്രി ജീവനക്കാര്‍ കുഞ്ഞിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി

uploads/news/2026/02/825364/child.jpg

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവുമായുള്ള എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള 227 കിലോമീറ്റര്‍ ദൗത്യം മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. വൈകിട്ട് 7.15 ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍നിന്നും ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലന്‍സ് 10.30 ന് കിംസ് ആശുപത്രിയിലെത്തി. ദൗത്യസംഘത്തിനൊപ്പം ആംബുലന്‍സ് ഡ്രൈവര്‍മാരായ ജെയ്നീഷും ശരതുമാണ് ഉണ്ടായിരുന്നത്.

കരള്‍ കിംസില്‍ നല്‍കിയതിന് ശേഷം വൃക്ക മെഡിക്കല്‍ കോളേജിലും ഹൃദയവാല്‍വ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലും എത്തിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. ആംബുലന്‍സിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൊലീസ് നല്‍കി. കൊച്ചി അമൃത ആശുപത്രി ജീവനക്കാര്‍ കുഞ്ഞിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആലിന് ഇന്നലെ വൈകിട്ട് വിട നല്‍കിയത്.

കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ അടക്കമുള്ളവര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ഫേസ്ബുക്ക് വഴിയാണ് മന്ത്രി നന്ദി അറിയിച്ചത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിന്‍ ഷെറിന്‍.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആലിന്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചതോടെ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. തീവ്രദുഃഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW