-->
അമ്പലപ്പുഴ: വെള്ളമില്ല. വെളിച്ചവുമില്ല. ഇരുളിലായി ഒരു കുടുംബം. സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടന്ന നാട്ടിലാണ് ഒരമ്മയും ഭിന്നശേഷിക്കാരായ രണ്ട് ആണ്‍മക്കളും ഇരുളടഞ്ഞ കൂരയ്‌ക്കു കീഴില്‍ കഴിയുന്നത്. ഇത് പുറക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് ആമയിട അപ്പാത്തിക്കരി ബണ്ട് വീട്ടില്‍ സുജാതയുടെ ജീവിതം...സുജാതയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞു. മൂത്ത മകന്‍ 36 വയസുള്ള കുമാര്‍ അന്ധനാണ്. ഇളയ മകന്‍ 32 വയസുകാരന്‍ രാജേഷ്. രണ്ടു മക്കള്‍ക്കും ചെവിയും കേള്‍ക്കില്ല.
പട്ടികവര്‍ഗ കുടുംബമായ ഇവര്‍ പായല്‍ക്കുളങ്ങരയിലാണ് താമസിച്ചിരുന്നത്. അന്ധനായ മകനുമായി ആശുപത്രിയില്‍ പോകുന്നത് ഉള്‍പ്പെടെയുള്ളവയ്‌ക്ക് ഇവിടുത്തെ ജീവിതം തടസമായതോടെയാണ് വീടും സ്‌ഥലവും വിറ്റ് ആമയിടയില്‍ നാല് മാസം മുന്‍പ് നാലര സെന്റ് സ്‌ഥലം വാങ്ങിയത്.
സുജാതയ്‌ക്കും കുമാറിനും ലഭിക്കുന്ന പെന്‍ഷന്‍ തുകയും സുജാത തൊഴിലുറപ്പിനു പോയി ലഭിക്കുന്ന തുകയും സ്വരുക്കൂട്ടിയാണ് താമസിക്കാനൊരു ഷെഡ് നിര്‍മിച്ചത്. തൊട്ടടുത്തുള്ള പ്ലാസ്‌റ്റിക് കൊണ്ട് തീര്‍ത്ത തകര്‍ന്നടിഞ്ഞ ഷെഡിലാണ് പാചകം. താമസിക്കുന്ന ഷെഡിന് ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞു.
കുടിക്കാന്‍ വെള്ളവുമില്ല. കിലോമീറ്ററുകള്‍ക്കപ്പുറം അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേനട വരെ ഓട്ടോറിക്ഷയില്‍ പോയി പണം കൊടുത്താണ് സുജാത വീട്ടില്‍ കുടിവെള്ളം കൊണ്ടുവരുന്നത്.
എവിടെപ്പോയാലും മകന്‍ കുമാറും ഒപ്പമുണ്ടാകും. എല്ലായിടത്തും വികസനമെത്തി എന്ന് പറയുമ്പോഴാണ് വെള്ളവും വെളിച്ചവുമില്ലാതെ ഈ അമ്മയും മക്കളും കുടിവെള്ളം പോലും കിട്ടാതെ വലയുന്നത്.
കെ. രാജേഷ്