-->
കൊച്ചി: ശബരിമലയിലെ കൊടിമരത്തിന്റെ പുനഃപ്രതിഷ്‌ഠയിലും സ്വര്‍ണക്കവര്‍ച്ച നടന്നതായി വിജിലന്‍സിന്റെ പ്രാഥമികനിഗമനം. കൊടിമരം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് 2017-ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വീഴ്‌ച സംഭവിച്ചതായും കണ്ടെത്തല്‍. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയില്‍ അംഗങ്ങളായിരുന്ന അജയ് തറയിലിനേയും കെ. രാഘവനെയും ഉടന്‍ ചോദ്യംചെയ്യും.
കൊടിമരത്തിനു സ്വര്‍ണം സംഭാവന ചെയ്‌തവരില്‍നിന്നു വിജിലന്‍സ് മൊഴിയെടുക്കും. അന്നത്തെ ബോര്‍ഡ് അംഗങ്ങളായിരുന്ന അജയ് തറയില്‍ കോണ്‍ഗ്രസ് പ്രതിനിധിയും രാഘവന്‍ സി.പി.എം. പ്രതിനിധിയുമായിരുന്നു. രേഖകള്‍ ഇല്ലാതെയാണു കൊടിമരത്തിനായി സ്വര്‍ണം സ്വീകരിച്ചതെന്നാണ് ആരോപണം. ഹൈക്കോടതി നിര്‍ദേശപ്രകാരമാണു കേസ് സംസ്‌ഥാന വിജിലന്‍സ് അന്വേഷിക്കുന്നത്.
കൊടിമരത്തില്‍ പൂശിയശേഷം മിച്ചം വന്ന 233 ഗ്രാം സ്വര്‍ണം എവിടെയെന്നു കണക്കില്ല. ദേവസ്വം ബോര്‍ഡ് കസ്‌റ്റംസില്‍നിന്നു വാങ്ങിയത് 9.16 കിലോഗ്രാം സ്വര്‍ണമാണ്. ഭക്‌തര്‍ 412 ഗ്രാം സ്വര്‍ണം നല്‍കി. ആകെ 9.573 കിലോഗ്രാം സ്വര്‍ണം ശേഖരിച്ചു. ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സ്വര്‍ണം നല്‍കി. 2017 ജൂണില്‍ ഒരു ചലച്ചിത്രതാരം നല്‍കിയത് 80.490 ഗ്രാം സ്വര്‍ണമാണ്. അതേമാസം ഒരു നിര്‍മാതാവ് 246.520 ഗ്രാം സ്വര്‍ണം നല്‍കി. ഇതിനൊന്നും രേഖയില്ല.
ദേവപ്രശ്‌നത്തേത്തുടര്‍ന്നാണ് കൊടിമരം പുനര്‍നിര്‍മിക്കാന്‍ 2016-ല്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത്. കേടുപാടുകളില്ലാത്ത കൊടിമരം മാറ്റി പുതിയതു സ്‌ഥാപിക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണവും വിജിലന്‍സ് പരിശോധിക്കുന്നു. കൊടിമരത്തില്‍ ചിതലരിക്കുന്നുവെന്നായിരുന്നു ദേവപ്രശ്‌നത്തിലെ കണ്ടെത്തല്‍. കൊടിമരം മാറ്റാന്‍ തീരുമാനിച്ചതു 2014-ലാണ്. അതിന് അനുമതി നല്‍കിയ ഹൈക്കോടതി, അഡ്വക്കേറ്റ് കമ്മിഷനായി എ.എസ്.പി. കുറുപ്പിനെ നിയോഗിച്ചു. ചീഫ് എന്‍ജിനീയര്‍ തയാറാക്കിയ എസ്‌റ്റിമേറ്റ് 3.20 കോടി രൂപയുടേതായിരുന്നു.
കൊടിമരനിര്‍മാണത്തിനാവശ്യമായ മുഴുവന്‍ തുകയും ഫോണിക്‌സ് ഗ്രൂപ്പ് 2017 ജൂണില്‍ ധനലക്ഷ്‌മി ബാങ്ക് അക്കൗണ്ട് മുഖേന ദേവസ്വം ബോര്‍ഡിനു നല്‍കി. എന്നാല്‍, ഇക്കാര്യം ബോര്‍ഡ് മറച്ചുവച്ചതായാണ് ആരോപണം. ചലച്ചിത്രതാരങ്ങളടക്കം ഭക്‌തരില്‍നിന്നു സ്വര്‍ണവും പണവും സ്വീകരിച്ചു. ആര്‍ക്കും രസീത് നല്‍കിയില്ല.
സ്വര്‍ണത്താഴികക്കുടങ്ങള്‍ അഴിച്ചുപണിയാന്‍ തീരുമാനിച്ചത് ഹൈക്കോടതിയുടെ ഉത്തരവില്ലാതെയാണെന്നതും കൊടിമരത്തിന് ആവശ്യമായതു ലഭിച്ചശേഷവും സ്വര്‍ണം, വെള്ളി, വെങ്കലം ഉള്‍പ്പെടെ 45 കിലോഗ്രാം ദേവസ്വം ഭണ്ഡാരത്തില്‍നിന്ന് എടുത്തതും വിജിലന്‍സ് പരിശോധിക്കും. ദേവസ്വം കമ്മിഷണറുടെ 2012-ലെ നിര്‍ദേശത്തിനു വിരുദ്ധമായാണോ തന്ത്രിക്കു വാജിവാഹനം കൈമാറിയതെന്നതും അന്വേഷണപരിധിയിലുണ്ട്.
എസ്.ഐ.ടി. ഫയലുകള്‍ വിജിലന്‍സിനു കൈമാറി
ശബരിമലയിലെ കൊടിമരം 2017-ല്‍ പുനര്‍നിര്‍മിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) വിജിലന്‍സിനു കൈമാറി. സ്വര്‍ണം സംഭാവന ചെയ്‌ത 27 ഭക്‌തരുടെയും അഡ്വക്കേറ്റ് കമ്മിഷണറായിരുന്ന എ.എസ്.പി. കുറുപ്പിന്റെയും മൊഴി വിജിലന്‍സ് ഉടന്‍ രേഖപ്പെടുത്തുമെന്നു സൂചന.കൊടിമര പുനഃപ്രതിഷ്‌ഠയ്‌ക്കായി ആകെ 9,573 ഗ്രാം സ്വര്‍ണം ശേഖരിച്ചതില്‍ 412.010 ഗ്രാം 27 ഭക്‌തരുടെ സംഭാവനയായിരുന്നു. 2017 ജൂണ്‍ 10-ന് ഒരു സിനിമാ നിര്‍മാതാവും മറ്റൊരാളും ചേര്‍ന്ന് നല്‍കിയ 246.520 ഗ്രാം സ്വര്‍ണ ബിസ്‌കറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണം സംഭാവന ചെയ്‌തവര്‍ക്ക് ഫോം 3എ രസീത് നല്‍കിയില്ലെന്നും അഡ്വ. കമ്മിഷണറുടെ നടപടി അധികാരപരിധി മറികടന്നാണെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
ജെബി പോള്‍