-->
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ യു.ഡി.എഫ്. സ്വീകരിക്കുന്നതു നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ ആയുധമാക്കാന്‍ ബി.ജെ.പി. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളോടു ശക്‌തമായ എതിര്‍പ്പുള്ള ക്രൈസ്‌തവ വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമാക്കിയാണു ബി.ജെ.പിയുടെ നീക്കം.
ജമാഅത്തെ ഇസ്ലാമിക്കെതിരേ കടുത്ത നിലപാടു സ്വീകരിച്ചുവരുന്ന ബി.ജെ.പി, യു.ഡി.എഫ്. പുലര്‍ത്തുന്ന പരസ്യബന്ധവും ഇടതുമുന്നണിക്കുണ്ടായിരുന്ന പഴയ ബന്ധവും തുറന്നുകാട്ടാനാണു പദ്ധതിയിടുന്നത്. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന അപകടകരമായ ആശയത്തിലൂടെ മതരാഷ്‌ട്രവാദം ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്‌ലാമി നടത്തുന്നതെന്നും ബി.ജെ.പി. ആരോപിക്കുന്നു.
ജമാഅത്തെ ഇസ്‌ലാമിക്കു മതരാഷ്‌ട്രവാദമില്ലെന്ന് അവര്‍തന്നെ പറഞ്ഞിട്ടുണ്ടെന്നും അവരുടെ നിലപാടില്‍ വ്യക്‌തതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പിന്തുണ സ്വീകരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ കാലങ്ങള്‍ മറന്നു ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുന്നതിനോടു ൈക്രസ്‌തവ വിഭാഗങ്ങള്‍ക്കു ശക്‌തമായ എതിര്‍പ്പുണ്ട്.
നിലമ്പൂര്‍ ഉപതെഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചതു മുതലാണ് ജമാഅത്തെ ഇസ്ലാമിയുടൈ പിന്തുണ രാഷ്‌ട്രീയ ചര്‍ച്ചയായി മാറിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിനായിരുന്നു. ഇതോടെ, വര്‍ഗീയശക്‌തികള്‍ക്കൊപ്പം യു.ഡി.എഫ്. കൂടിയെന്ന ആരോപണവുമായി ഇടതുപക്ഷം രംഗത്തുവന്നു. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ കൂട്ടാളിയായിരുന്നു ജമാഅത്തെ ഇസ്ലാമിയെന്ന വാദമുയര്‍ത്തിയാണ് യു.ഡി.എഫ്. ഈ ആരോപണത്തെ നേരിട്ടത്. മതേതരവാദികളെന്നു നേരത്തെ ജമാഅത്തെ ഇസ്‌ലാമിയെപ്പറ്റി പറഞ്ഞവരാണ് ഇപ്പോള്‍ അവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നതെന്നും യു.ഡി.എഫ്. നേതാക്കള്‍ തിരിച്ചടിച്ചിരുന്നു.
വര്‍ഗീയവാദികളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കൂടിക്കാഴ്‌ച നടത്തിയതെന്നും അതു ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നെന്നും ചൂണ്ടിക്കാട്ടി യു.ഡി.എഫിന്റെ ആരോപണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു. 1992-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചതുകൊണ്ടാണ് 96-ല്‍ അവര്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്ത് ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയാണെന്നു സത്യവാങ്‌മൂലം നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ കോണ്‍ഗ്രസിന് അവര്‍ തങ്കക്കുടങ്ങളാണെന്നും ചൂണ്ടിക്കാട്ടി പിണറായി യു.ഡി.എഫിനുനേരേ പ്രത്യാക്രമണം നടത്തുകയും ചെയ്‌തു.
ജമാ അത്തെ ഇസ്‌ലാമിയുമായുള്ള ഇടതു-വലതു മുന്നണികളുടെ ബന്ധം ഒളിച്ചുവയ്‌ക്കാനാകില്ലെന്നും ഈ വിഷയത്തിലുള്ള ൈക്രസ്‌താവരുടെ ആശങ്ക പരിഹരിക്കാന്‍ ബി.ജെ.പിക്കുമാത്രമേ കഴിയൂവെന്നു ൈക്രസ്‌തവ നേതാക്കള്‍ക്കു ബോധ്യമായിട്ടുണ്ടെന്നും ബി.ജെ.പി. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.