Friday, March 13, 2026 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 12 Feb 2026 11.25 PM

മകള്‍ അഭിഭാഷകയാകുന്നത് പരോളില്‍ കണ്ട അച്ഛന്‍, 100 വയസ്സായ അമ്മയ്ക്ക് മകളില്‍നിന്നും നീതി; 50,166 കേസുകള്‍ തീര്‍പ്പാക്കി ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍

കേവലം കേസുകള്‍ തീര്‍പ്പാക്കുക എന്നതിലുപരി, സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌.
uploads/news/2026/02/825211/Justice-PV-Kunhikrishnan.jpg

കൊച്ചി: ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട്‌ ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 50,166 കേസുകള്‍ തീര്‍പ്പാക്കിയെന്ന അപൂര്‍വ നേട്ടവുമായി ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍.
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍ 2020 ഫെബ്രുവരി 13-നാണു ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായത്‌. മുന്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌താഖ്‌ പത്തുവര്‍ഷം കൊണ്ട്‌ നേടിയ റെക്കോഡിന്‌ സമാനമായ നേട്ടമാണു ജസ്‌റ്റിസ്‌ കുഞ്ഞികൃഷ്‌ണന്‍ തന്റെ ആറാം വര്‍ഷത്തില്‍ സ്വന്തമാക്കിയത്‌.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ അദ്ദേഹം സംസ്‌ഥാനത്ത്‌ ഒന്നാമതായിരുന്നു. 2024-ല്‍ 11,140 കേസുകളും 2025-ല്‍ 15,026 കേസുകളുമാണ്‌ അദ്ദേഹം തീര്‍പ്പാക്കിയത്‌. കേവലം കേസുകള്‍ തീര്‍പ്പാക്കുക എന്നതിലുപരി, സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. വോട്ടര്‍മാര്‍ക്കു പോളിങ്‌ ബൂത്തുകളില്‍ ഇരിപ്പിടം ഉറപ്പാക്കണമെന്നും രാഷ്‌ട്രീയ അതിക്രമങ്ങളുടെ വിളനിലമല്ല കേരളമെന്ന്‌ വോട്ടര്‍മാര്‍ തെളിയിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്‌.
സ്‌ഥാനാര്‍ത്ഥിത്വം അനിശ്‌ചിതത്വത്തിലായ സാഹചര്യത്തില്‍ വോട്ടര്‍ പട്ടികയില്‍നിന്ന്‌ പേര്‌ വെട്ടിയതിനെക്കുറിച്ചു പരാമര്‍ശിക്കവെ, 'അവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്നു പറയില്ലല്ലോ' എന്ന വിഖ്യാതമായ നിരീക്ഷണവും ഈ ബെഞ്ചില്‍നിന്നുണ്ടായതാണ്‌.
സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുന്ന വയോധികര്‍ക്ക്‌ ആശ്വാസമേകുന്ന ഉത്തരവ്‌, മകള്‍ അഭിഭാഷകയായി എന്റോള്‍ ചെയ്യുന്നത്‌ കാണാന്‍ കൊലക്കേസ്‌ പ്രതിയായ പിതാവിനു പരോള്‍ അനുവദിച്ചത്‌, നൂറു വയസായ അമ്മയെ മകള്‍ സംരക്ഷിക്കണമെന്ന വിധി എന്നിവ ശ്രദ്ധേയങ്ങളായി. ജീവനാംശം നല്‍കുന്നതിനെതിരേ അപ്പീല്‍ നല്‍കിയ മകനെ മനുഷ്യനായി കാണാന്‍ കഴിയില്ലെന്നും എല്ലാ ഭാര്യമാരെയും പോറ്റാന്‍ കഴിയില്ലെന്നുമുള്ള നിരീക്ഷണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW