Wednesday, March 18, 2026 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

അയ്യപ്പസംഗമം: മന്ത്രി സഭയില്‍ പറഞ്ഞതിനു വിരുദ്ധമായി സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം/കൊച്ചി: ആഗോള അയ്യപ്പസംഗമത്തിനു ദേവസ്വം ബോര്‍ഡ്‌ മുന്‍കൂറായി നല്‍കിയ തുക തിരിച്ചടച്ചെന്ന മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ നല്‍കിയ മറുപടിക്കു വിരുദ്ധമായി സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്‌. ദേവസ്വം നല്‍കിയ രണ്ടുകോടി തിരിച്ചുനല്‍കിയിട്ടില്ലെന്നാണു റിപ്പോര്‍ട്ടിലുള്ളത്‌.
കഴിഞ്ഞ മാസം 28 നാണു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ ഇത്തരത്തില്‍ മറുപടി നല്‍കിയത്‌. ഓഡിറ്റ്‌ വിവരങ്ങള്‍ അടക്കം പരാമര്‍ശിച്ച്‌ സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണു വ്യക്‌തമാക്കുന്നത്‌. സര്‍ക്കാര്‍ യഥാര്‍ഥ വിവരം സഭയില്‍നിന്ന്‌ മറച്ചാണോ മറുപടി നല്‍കിയതെന്ന ചോദ്യമാണ്‌ ഇതോടെ ഉയരുന്നത്‌. മന്ത്രി വി.എന്‍. വാസവനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്ത്‌ അടക്കമുള്ളവരെയും കുരുക്കിലേക്കു നയിക്കുന്നതാണു റിപ്പോര്‍ട്ട്‌. വിഷയത്തില്‍ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചോ എന്ന സംശയമാണുയരുന്നത്‌.
ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കില്‍ അടിമുടി ദുരൂഹതയുണ്ടെന്നു സൂചിപ്പിക്കുന്നതാണ്‌ സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്‌. ഭക്ഷണത്തില്‍ അടക്കം കണക്കില്‍ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള അയ്യപ്പ സംഗമത്തിനു ചെലവഴിച്ച തുകയുടെ ജി.എസ്‌.ടി. ഇന്‍പുട്ട്‌ ക്രെഡിറ്റ്‌ ലഭിക്കുന്ന കാര്യത്തില്‍ വ്യക്‌തതയില്ല. ഹോട്ടല്‍ ബില്ലുകളില്‍ പലതിലും ജി.എസ്‌.ടി. നമ്പര്‍ ഇല്ല. അതിനാല്‍ ഇന്‍പുട്ട്‌ ക്രെഡിറ്റ്‌ ആയി കിട്ടേണ്ട തുക വാങ്ങാനാവില്ല. കലാ പരിപാടികള്‍ക്ക്‌ എസ്‌റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ തുക ചെലവിട്ടു. വി.ഐ.പി. ഏരിയയില്‍ ഭക്ഷണം വിളമ്പിയതിനും കണക്കില്‍ പെടുത്താത്ത തുക ചെലവിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി സ്‌പോണ്‍സര്‍ഷിപ്പിലൂടെ തിരിച്ചടച്ചില്ലെന്നും രണ്ടു കോടിയുടെ സ്‌പോണ്‍സര്‍ ആരെന്നതില്‍ അവ്യക്‌തതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW