-->
ന്യൂഡല്‍ഹി: തന്റെ പുസ്‌തകവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആദ്യ പ്രതികരണവുമായി മുന്‍ കരസേന മേധാവി ജനറല്‍ എം.എം. നരവനെ.
വിഷയത്തില്‍, പുസ്‌തകത്തിന്റെ പ്രസാധകരായ പെന്‍ഗ്വിന്‍ ഇന്ത്യയുടെ പ്രസ്‌താവന സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച നരവനെ, 'ഇതാണു നിലവില്‍ പുസ്‌തകത്തിന്റെ അവസ്‌ഥ'യെന്നു വ്യക്‌തമാക്കി.
ജനറല്‍ നരവനെയുടെ 'ഫോര്‍ സ്‌റ്റാര്‍സ് ഓഫ് ഡെസ്‌റ്റിനി' എന്ന ഓര്‍മക്കുറിപ്പുകളുടെ പ്രസാധകാവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയ്‌ക്കാണ്. എന്നാല്‍ പുസ്‌തകത്തിന്റെ അച്ചടിച്ച പതിപ്പോ, ഡിജിറ്റല്‍ പതിപ്പോ ഇതുവരെ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്‌തിട്ടില്ലെന്നും അനധികൃതമായി പ്രചരിക്കുന്ന പതിപ്പുകള്‍ പകര്‍പ്പവകാശ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമാണ് പെന്‍ഗ്വിന്‍ ഇന്ത്യയുടെ പ്രസ്‌താവന.
പുസ്‌തകത്തിന്റെ നിലവിലെ അവസ്‌ഥ ഇതാണെന്ന കുറിപ്പുമായാണ് നരവനെ ഈ പ്രസതാവന ട്വീറ്റ് ചെയ്‌തു.
പുസ്‌തകത്തില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തെക്കുറിച്ചു പറയുന്ന ഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ വായിച്ചതു ബഹളം സൃഷ്‌ടിച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്‌തകം സഭയില്‍ ഉദ്ധരിക്കുന്നതു ചട്ടവിരുദ്ധമാമെന്നു പറഞ്ഞ് സ്‌പീക്കര്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിലക്കിയതോടെ പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി.