-->
കാസർഗോഡ്: സമസ്ത ശതാബ്ദി സമ്മേളനത്തിന് സമാപനം കുറിച്ച് കാസർഗോഡ് കുണിയയിലെ വേദിയെ രാഷ്ട്രീയ പോരാട്ടഭൂമിയാക്കി മാറ്റി സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമ്മേളന നഗരിയിലെ തടസ്സങ്ങൾ നീക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലിനെ പ്രശംസിച്ച തങ്ങൾ, മുസ്ലിം ലീഗിനെതിരെ ആഞ്ഞടിക്കാനും മടിച്ചില്ല.
സമ്മേളന നഗരി ഒരുക്കുന്നതിലൂടെ നേരിട്ട പ്രതിസന്ധികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ സെക്കൻഡുകൾക്കുള്ളിൽ പരിഹരിക്കപ്പെട്ടുവെന്ന് ജിഫ്രി തങ്ങൾ വെളിപ്പെടുത്തിയത്. മറ്റ് പലർക്കും സാധിക്കാത്ത കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഒരൊറ്റ ഫോൺ കോൾ കൊണ്ട് സാധ്യമായി എന്ന അദ്ദേഹത്തിന്റെ പരാമർശം സർക്കാരും സമസ്തയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൗഹൃദത്തിന്റെ അടയാളമായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. സർക്കാരിന്റെ ഈ സഹായത്തിന് തങ്ങൾ പരസ്യമായി നന്ദി അറിയിക്കുകയും ചെയ്തു.ഒപ്പം തന്നെ എന്തെങ്കിലും സഹായം വേണോയെന്ന് രമേശ് ചെന്നിത്തല ചോദിച്ച കാര്യവും വെളിപ്പെടുത്താൻ തങ്ങൾ മറന്നു പോയിട്ടില്ല
മുസ്ലിം ലീഗിനെതിരെയുള്ള തങ്ങളുടെ വിമർശനം ലീഗിന്റെ പേരെടുത്തു പറയാതെയായിരുന്നു . സമസ്തയെ വിഴുങ്ങാൻ ആരും ശ്രമിക്കേണ്ടെന്നും, രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലല്ല സംഘടന പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു.സ്വാതന്ത്ര്യമാണ് പ്രധാനം. ആത്മീയ സംഘടന എന്ന നിലയിൽ സമസ്തയുടെ നിലപാടുകൾ സ്വതന്ത്രമാണെ സൂചനയാണ് തങ്ങൾ നൽകിയത്. സംഘടനയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർക്ക് തങ്ങൾ കനത്ത മുന്നറിയിപ്പ് നൽകി. ഇത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകളാണ്. വേദിയിൽ തന്നെ നൂറിലധികം ആളുകൾക്കാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. എന്നാൽ ഉദ്ഘാടകനെക്കാൾ പ്രാധാന്യം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനെയാണ് .കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ,എം എ യൂസഫലി തുടങ്ങിയ പ്രമുഖർ വേദിയിൽ ഉണ്ടായിരുന്നു.
എന്നാൽ ഉദ്ഘാടനത്തിന് മുമ്പ് തന്നെ മുഖ്യമന്ത്രിക്ക് പ്രസംഗിക്കാൻ അവസരം നൽകുകയും സമസ്തയുടെ പ്രവർത്തനങ്ങളെയും നേതാക്കളെയും കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ തെരഞ്ഞെടുപ്പിൽ വോട്ട് ചോർച്ച മുസ്ലിം ലീഗിൽ നിന്നും ഉണ്ടാകുമോ എന്നുള്ള സംശയവും ലീഗ് നേതൃത്വത്തിനുണ്ട്.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ വലിയ പ്രതിഷേധം ഉയർന്നപ്പോൾ, മുഖ്യമന്ത്രി ജിഫ്രി തങ്ങളുമായി നേരിട്ട് സംസാരിക്കുകയും ആ തീരുമാനം മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിന്റെ കരുത്താണ് കാണിക്കുന്നത്. മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടികൾ തെരുവിൽ സമരം ചെയ്തപ്പോൾ, മുഖ്യമന്ത്രിയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് ജിഫ്രി തങ്ങൾ താല്പര്യം കാണിച്ചത്.
മുസ്ലിം ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിൽ അകൽച്ചയിലായ സാഹചര്യത്തിൽ, മുഖ്യമന്ത്രിയുമായി ജിഫ്രി തങ്ങൾ പുലർത്തുന്ന അടുപ്പം ലീഗിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുന്നുണ്ട്. "സർക്കാരുമായി സമസ്തയ്ക്ക് ഒരു വിരോധവുമില്ല" എന്ന തങ്ങളുടെ നിലപാട് ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ നേട്ടമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്.
കേരളത്തിലെ മുസ്ലിം സമുദായത്തിൽ വലിയ സ്വാധീനമുള്ള സമസ്തയുമായി പിണറായി വിജയൻ പുലർത്തുന്ന ഈ ബന്ധം വഴി, ലീഗിന്റെ കുത്തക വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ കഴിയുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ജിഫ്രി തങ്ങൾ വഴിയുള്ള ഈ പാലം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടാക്കാൻ സാധ്യതയുണ്ട്.
ചുരുക്കത്തിൽ, രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായ ബഹുമാനത്തിലും ഭരണപരമായ സഹകരണത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ് പിണറായി വിജയനും ജിഫ്രി തങ്ങളും തമ്മിലുള്ളത്.ഈ ബന്ധം വോട്ടായി മാറിയാൽ കനത്ത തിരിച്ചടി ആവുക മുസ്ലിം ലീഗിന് ആയിരിക്കും.
-ബാലഗോപാലൻ പെരളത്ത്