-->
തൃശ്ശൂര്‍: മലമ്പുഴ നിയോജകമണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ്. തല്‍ക്കാലം തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സുരേഷ് തൃശ്ശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെപിസിസിയുടെ ഉത്തരവാദപ്പെട്ട നേതാക്കന്മാര്‍ സംസാരിച്ചിരുന്നെന്ന് സുരേഷ് സ്ഥിരീകരിച്ചു. ചര്‍ച്ച ചെയ്തിരുന്നു എന്നത് വാസ്തവമാണ്. ഞാന്‍ അവരോട് ഒരു മറുപടി പറഞ്ഞിട്ടില്ല. ഞാന്‍ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്നതിന് എതിരായുള്ള ആയിരക്കണക്കിനാളുകള്‍ക്കൊപ്പമാണ് താനുമുള്ളത്, സുരേഷ് പറഞ്ഞു.
പത്തുകൊല്ലത്തിലധികമായി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടെന്നും സുരേഷ് പറഞ്ഞു. മൂന്ന് അപ്പീലുകള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഒരു അപ്പീല്‍ പാലക്കാട് ജില്ലാ സെക്രട്ടറിക്കും കൊടുത്തു. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. എന്നെ എന്തിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി എന്നത് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണ്. കോണ്‍ഗ്രസില്‍നിന്ന് ആരാണ് ബന്ധപ്പെട്ടതെന്ന ചോദ്യത്തിന് അത് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നായിരുന്നു സുരേഷിന്റെ മറുപടി.
പന്ത്രണ്ടുകൊല്ലമായി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ട്. അതില്‍ പ്രതിഷേധിക്കാന്‍ താന്‍ തയ്യാറല്ല. കേരളത്തില്‍ ഇടതുപക്ഷം നിലനില്‍ക്കണമെന്നും ഇടതുപക്ഷ മൂല്യങ്ങള്‍ ചോരാന്‍ പാടില്ലെന്നും വിശ്വസിക്കുന്ന ആയിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. ഇവിടെ പാര്‍ട്ടിയുണ്ടാകണം, സുരേഷ് പറഞ്ഞു.