Friday, March 13, 2026 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 09 Feb 2026 11.37 PM

ശബരിമല സ്വര്‍ണക്കൊള്ള: മൂന്നു പേര്‍ കൂടി പ്രതികളാകും; കോടതി കയറി കൊടിമരവും! യു.ഡി.എഫ്‌. കാലത്തെ പുനര്‍നിര്‍മാണത്തിലെ ക്രമക്കേട്‌ അന്വേഷിക്കാന്‍ നിര്‍ദേശം

ദ്വാരപാലക, കട്ടിളപ്പാളികള്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും സംഘവും അപ്പാടെ മാറ്റിയോ എന്നത് വിദഗ്‌ധര്‍ സ്‌ഥിരീകരിക്കുന്നില്ല. വി.എസ്‌.എസ്‌.സിയില്‍ നടത്തിയ പരിശോധനയിലും ആശയക്കുഴപ്പമുണ്ട്‌.
uploads/news/2026/02/824741/Sabarimala-flagpole.jpg

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മാണവും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്‌. യു.ഡി.എഫ്‌. സര്‍ക്കാര്‍ നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലത്ത്‌ നടന്ന കൊടിമരം പുനര്‍നിര്‍മാണത്തിലെ ക്രമക്കേട്‌ അന്വേഷിക്കാന്‍ സംസ്‌ഥാന വിജിലന്‍സ്‌ ഡയറക്‌ടര്‍ പ്രത്യേകസംഘം രൂപീകരിക്കണമെന്നാണ്‌ കോടതി നിര്‍ദേശം.

കൊടിമരത്തിന്റെ നിര്‍മാണവും ധ്വജപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കണക്കുകളും അന്വേഷണസംഘത്തിനു കൈമാറണം. അന്വേഷണസംഘം 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. സ്‌പോണ്‍സര്‍മാരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി നിദേശിച്ചു.

ദ്വാരപാലകശില്‍പ്പത്തിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണപ്പാളി സാമ്പിളുകള്‍ വീണ്ടും ശാസ്‌ത്രീയപരിശോധനയ്‌ക്ക് അയയ്‌ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സ്വര്‍ണപ്പാളികളില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച്‌ വ്യക്‌തത വരുത്താനും യഥാര്‍ത്ഥ പാളികളാണോ ഇപ്പോഴുള്ളതെന്ന്‌ സ്‌ഥിരീകരിക്കാനുമായി മുംബൈയിലെ ഭാഭാ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററിനു കീഴിലുള്ള നാഷണല്‍ ലാബിലാണ്‌ പരിശോധന നടത്തുക. അതിനായി 12-ന്‌ ശബരിമലയില്‍നിന്ന്‌ 12 സാമ്പിളുകള്‍ ശേഖരിക്കാനും ദേവസ്വം ബെഞ്ച്‌ നിര്‍ദേശിച്ചു.

പാളികളില്‍ ഇപ്പോഴുള്ള സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ അളവും പുതിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയും. നേരത്തേ, വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററില്‍ (വി.എസ്‌.എസ്‌.സി) നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും ശാസ്‌ത്രജ്‌ഞരുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടായ സാഹചര്യത്തിലാണ്‌ പുതിയ നിര്‍ദേശം. ദ്വാരപാലക, കട്ടിളപ്പാളികള്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും സംഘവും അപ്പാടെ മാറ്റിയോ എന്നതില്‍ ഇപ്പോഴും വ്യക്‌തതയില്ല. വി.എസ്‌.എസ്‌.സിയില്‍ നടത്തിയ പരിശോധനയിലും ആശയക്കുഴപ്പമുണ്ട്‌. ചെമ്പ്‌ പാളികളുടെ ഘടനയില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും അവ അപ്പാടെ മാറ്റിയോയെന്ന്‌ വിദഗ്‌ധര്‍ സ്‌ഥിരീകരിക്കുന്നില്ല. അതിനാലാണ്‌ മുംബൈയിലെ ലാബിലും പരിശോധന നടത്താന്‍ എസ്‌.ഐ.ടി. അനുമതി തേടിയത്‌.

ശബരിമലയിലെ സ്വര്‍ണം കൈകാര്യം ചെയ്‌തതില്‍ വീഴ്‌ചയുണ്ടായെന്ന്‌ എസ്‌.ഐ.ടി. അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും അത്‌ എങ്ങനെ സംഭവിച്ചെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 2025-ലെ സ്വര്‍ണം പൂശലിന്റെ ശാസ്‌ത്രീയത കൂടി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ ഉള്‍പ്പെട്ടവരുടെ പരമാവധി ഫോണ്‍ രേഖകള്‍ പരിശോധിക്കാനും അനുമതി നല്‍കി. പഴയ ഫോണ്‍ രേഖകള്‍ ലഭ്യമാക്കാന്‍ സേവനദാതാക്കളെ സമീപിക്കാം. കൈയക്ഷരപരിശോധനയും നടത്തണം.

കേസില്‍ രണ്ടുപേരുടെ പങ്കാളിത്തം കൂടി പരിശോധിക്കാനും കോടതി അനുമതി നല്‍കി. 2017-ല്‍ ത്തെഇതുസംബന്ധിച്ച എസ്‌.ഐ.ടിയുടെ ആവശ്യം കണക്കിലെടുത്ത്‌ കൂടുതല്‍ പരിശോധയ്‌ക്ക് കോടതി അനുമതി നല്‍കുകയായിരുന്നു. കോണ്‍ഗ്രസ്‌ നേതാവ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റായിരുന്ന ഭരണസമിതിയാണ്‌ പുതിയ കൊടിമരം സ്‌ഥാപിച്ചത്‌. പഴയ കൊടിമരത്തില്‍നിന്നു മാറ്റിയ വാജിവാഹനം തന്ത്രി കണ്‌ഠര്‌ രാജീവരര്‍ക്കു ബോര്‍ഡ്‌ കൈമാറിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍പ്പേര്‍ പ്രതികളാകുമെന്ന്‌ എസ്‌.ഐ.ടി. ഹൈക്കോടതിയെ അറിയിച്ചു. ദ്വാരപാലകശില്‍പ്പപാളി കേസില്‍ രണ്ടുപേരെയും കട്ടിളപ്പാളി കേസില്‍ ഒരാളെയും പ്രതി ചേര്‍ക്കും. കുറ്റകൃത്യത്തില്‍ ഇവരുടെ പങ്കാളിത്തം സ്‌ഥിരീകരിച്ചെന്നും എസ്‌.ഐ.ടി. വ്യക്‌തമാക്കി. അടച്ചിട്ട മുറിയില്‍ രണ്ടരമണിക്കൂറോളം നീണ്ട നടപടികള്‍ക്കുശേഷമാണ്‌ ഹൈക്കോടതി നിര്‍ണായക ഉത്തരവുകള്‍ പുറപ്പെടുവിച്ചത്‌. 19-ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

Ads by Google
സ്വന്തം ലേഖകന്‍
Monday 09 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW