-->
തിരുവനന്തപുരം; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയെ പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) ചോദ്യംചെയ്‌തു. ഇന്നലെ രാവിലെയാണ് അടൂര്‍ പ്രകാശിനെ ക്രൈംബ്രാഞ്ച് ആസ്‌ഥാനത്തേക്ക് വിളിച്ചുവരുത്തിയത്.
സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി, മോഷണമുതല്‍ വാങ്ങിയ കര്‍ണാടക ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുമായി അടൂര്‍ പ്രകാശ് കേരളത്തിലും പുറത്തും പലതവണ കൂടിക്കാഴ്‌ച നടത്തിയതായി എസ്.ഐ.ടിക്കു തെളിവുകള്‍ ലഭിച്ചതായാണു സൂചന. ഈ കൂടിക്കാഴ്‌ചകള്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണോയെന്നാണ് എസ്.ഐ.ടി. പരിശോധിക്കുന്നത്.
കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയാ ഗാന്ധിയെ വസതിയില്‍ സന്ദര്‍ശിക്കാന്‍ പോറ്റിക്ക് അടൂര്‍ പ്രകാശ് സൗകര്യമൊരുക്കിയോ എന്നതും അന്വേഷണപരിധിയിലുണ്ട്. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും ഗോവര്‍ധനും അടൂര്‍ പ്രകാശിന്റെ സാന്നിധ്യത്തില്‍ സോണിയയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
പ്രതികളില്‍നിന്നു പാരിതോഷികങ്ങളോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിച്ചിട്ടുണ്ടോ, മോഷണസ്വര്‍ണം കൈമാറ്റം ചെയ്‌തതിനെക്കുറിച്ച് എം.പിക്ക് അറിവുണ്ടായിരുന്നോ എന്നീ കാര്യങ്ങളാണ് എസ്.ഐ.ടി. അന്വേഷിക്കുന്നത്. അടൂര്‍ പ്രകാശും ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായുള്ള ബന്ധം, സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ എന്നിവ മൂന്നുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലില്‍ എസ്.ഐ.ടി. ചോദിച്ചതായാണു സൂചന.
അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണസംഘത്തോട് പറഞ്ഞെന്നും മറുപടിയില്‍ അവ്യക്‌തതയുണ്ടോയെന്ന് തീരുമാനിക്കേണ്ടത് എസ്.ഐ.ടിയാണെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ പ്രതിപക്ഷം പ്രതിഷേധം ശക്‌തമാക്കിയ പശ്‌ചാത്തലത്തില്‍ക്കൂടിയാണ് യു.ഡി.എഫ്. കണ്‍വീനറെ എസ്.ഐ.ടി. ചോദ്യംചെയ്‌തത്. കേസില്‍ അന്വേഷണവലയം കൂടുതല്‍ വിപുലമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.