Friday, March 13, 2026 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Saturday 07 Feb 2026 11.35 PM

ക്യാമ്പസ്‌ രാഷ്‌ട്രീയം നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം: ഹൈക്കോടതി; എം.ജി സര്‍വകലാശാല 2005-ല്‍ നടപ്പാക്കിയ ചട്ടങ്ങള്‍ മാതൃകയാക്കണം

വിദ്യാര്‍ഥിരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘകാല നിയന്ത്രണ നടപടിയോ സംവിധാനമോ രൂപീകരിക്കാന്‍ സര്‍വകലാശാലകളോടു നിര്‍ദേശിക്കുന്ന മുന്‍ഉത്തരവുകളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി
uploads/news/2026/02/824433/k9.jpg

കൊച്ചി: ക്യാമ്പസ്‌ രാഷ്‌ട്രീയം നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്നു ഹൈക്കോടതി. ഇതിന്‌ മഹാത്മാ ഗാന്ധി (എം.ജി) സര്‍വകലാശാല 2005-ല്‍ നടപ്പാക്കിയ ചട്ടങ്ങള്‍ മാതൃകയാക്കാമെന്നും നിര്‍ദേശം.

എറണാകുളം മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ ചെങ്ങന്നൂര്‍ കിഴക്കേനട സ്വദേശി എല്‍.എസ്‌. അജോയ്‌ സമര്‍പ്പിച്ച പൊതുതാത്‌പര്യഹര്‍ജിയിലാണു ചീഫ്‌ ജസ്‌റ്റിസ്‌ സൗഗന്‍ സെന്‍, ജസ്‌റ്റിസ്‌ വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്‌. ക്യാമ്പസില്‍ സൗഹാര്‍ദ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നു സര്‍വകലാശാലകള്‍ ഉറപ്പാക്കണം.

അക്കാദമിക്‌ രംഗത്ത്‌ തടസങ്ങള്‍ പാടില്ല. ഇതിനായിഅഫിലിയേറ്റഡ്‌ കോളജുകളിലെ ക്ലാസ്‌ മുറികളിലും ക്യാമ്പസുകളിലും അധ്യാപന- ഗവേഷണ വകുപ്പിലും സ്വാശ്രയ സ്‌കൂളുകളിലും എം.ജി. സര്‍വകലാശാല നടപ്പാക്കിയ 2005-ലെ ചട്ടങ്ങള്‍ മാതൃകാ നിയമങ്ങളായി കണക്കാക്കാമെന്നും ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു.

ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ സര്‍വകലാശാലകള്‍ രൂപീകരിക്കുന്ന ചട്ടങ്ങള്‍ സംബന്ധിച്ച്‌ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലുമായി ചര്‍ച്ച നടത്തണം. വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ രാഷ്‌ട്രീയ സ്വാധീനത്തില്‍നിന്നു മുക്‌തമാക്കണമെന്നതു മനസില്‍ വച്ചുവേണം അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ ഇക്കാര്യം പരിഗണിക്കാന്‍. ചട്ടങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ നിര്‍ദേശിക്കാമെന്നും അഡീ.എ.ജിയോട്‌ കോടതി ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥിരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘകാല നിയന്ത്രണ നടപടിയോ സംവിധാനമോ രൂപീകരിക്കാന്‍ സര്‍വകലാശാലകളോടു നിര്‍ദേശിക്കുന്ന മുന്‍ഉത്തരവുകളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. 2004-ല്‍ കേരള സ്‌റ്റുഡന്റ്‌സ്‌ യൂണിയന്‍- സോജന്‍ ഫ്രാന്‍സിസ്‌ കേസ്‌ വിധിയില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം, സമരം, ധര്‍ണ, ഹര്‍ത്താല്‍ എന്നിവ നിരോധിക്കാനുള്ള അധികാരം മാനേജ്‌മെന്റിനുണ്ടെന്നു ഹൈക്കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതിന്‍പ്രകാരമാണു മഹാത്മാഗാന്ധി സര്‍വകലാശാല പെരുമാറ്റച്ചട്ടം രൂപപ്പെടുത്തിയത്‌. ഇതു മാതൃകയാക്കി സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ പെരുമാറ്റച്ചട്ടം രൂപീകരിക്കണം. കേസ്‌ വീണ്ടും പരിഗണിക്കുന്ന അടുത്തമാസം നാലിനുമുമ്പ്‌ ഇതു കോടതിയില്‍ സമര്‍പ്പിക്കണമെന്നം ബെഞ്ച്‌ നിര്‍ദേശിച്ചു.

2004-ലെ ഹൈക്കോടതി വിധി

ക്യാമ്പസില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നിരോധിക്കാനും അനധികൃത യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍നിന്നു വിദ്യാര്‍ഥികളെ വിലക്കാനും മാനേജ്‌മെന്റിന്‌ അധികാരമുണ്ട്‌. അധ്യയനത്തെ ബാധിക്കുന്ന തരത്തിലുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ക്യാമ്പസിനുള്ളില്‍ അനുവദിക്കില്ല.
ഈ നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ 19(1)(എ), (സി) വകുപ്പുകള്‍ പ്രകാരമുള്ള വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങളുടെ ലംഘനമല്ല. വിദ്യാഭ്യാസ സ്‌ഥാപനത്തിന്റെ അച്ചടക്കവും പ്രവര്‍ത്തനവും ഉറപ്പുവരുത്താന്‍ മാനേജ്‌മെന്റിന്‌ ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാം. പഠനമുറിയുടെ അന്തരീക്ഷം നിലനിര്‍ത്താന്‍ കോളജ്‌ അധികൃതര്‍ക്കു കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കാമെന്നും, വിദ്യാര്‍ഥി രാഷ്‌ട്രീയം പഠനത്തെ ബാധിക്കാന്‍ പാടില്ലെന്നും വിധി അടിവരയിടുന്നു.

ജെബി പോള്‍

Ads by Google
ജെബി പോള്‍
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW