-->
കൊച്ചി: ക്ഷേത്രത്തില്‍ ക്രൈസ്‌തവ പുരോഹിതര്‍ പ്രവേശിച്ച സംഭവത്തില്‍ ആചാര ലംഘനമില്ലെന്നു ഹൈക്കോടതി. അടൂര്‍ കടമ്പനാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഓര്‍ത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേമും മറ്റൊരു പുരോഹിതനും പ്രവേശിച്ചതു ചോദ്യംചെയ്‌തു സനില്‍ നാരായണന്‍ നമ്പൂതിരി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു ഹൈക്കോടതിയുടെ ഉത്തരവ്.
തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാരലംഘനമല്ലെന്നും ക്ഷേത്രത്തിലെ അതിഥിയായാണ് ഡോ.സഖറിയാസ് മാര്‍ അപ്രേം എത്തിയതെന്നും ജസ്‌റ്റിസുമാരായ എ.രാജാവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. പുരോഹിതന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്കു പ്രവേശനം അനുവദിച്ചത്. അതിഥികളെ ബഹുമാനിക്കുക എന്നതു ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്ഷേത്രാചാരങ്ങളിലെ അവസാന വാക്കായ തന്ത്രിയുടെ അനുമതിയോടെ അതിഥി എന്ന നിലയിലുള്ള പ്രവേശനം ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തില്‍നിന്നു വ്യത്യസ്‌തമാണ്. ഇത്തരത്തിലുള്ള പ്രവേശനം നിയമമോ ചട്ടമോ ക്ഷേത്രാചാരങ്ങളോ ലംഘിക്കുന്നതല്ല. സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനും ജനങ്ങളുടെ ക്ഷേമത്തിനുമുള്ളതാണ് നിയമങ്ങള്‍. പരസ്‌പര ബഹുമാനവും സഹവര്‍ത്തിത്വവും വളര്‍ത്താനാണ് നിയമങ്ങള്‍ ഉപയോഗിക്കേണ്ടത്. നിയമം നിശ്‌ചലമല്ല, അത് സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. സമൂഹം കൂടുതല്‍ സമഗ്ര സ്വഭാവം ആര്‍ജിക്കുന്നതിന് അനുസരിച്ച് ഭരണഘടനാ മൂല്യങ്ങളും സാമൂഹിക ഐക്യവും നിലനില്‍ക്കുന്ന വിധത്തില്‍ നിയമങ്ങളിലും ചട്ടങ്ങളിലുമൊക്കെ മാറ്റംവരും. വ്യത്യസ്‌ത മത, ജാതി, സമുദായങ്ങള്‍ തമ്മിലുള്ള സാമൂഹിക ഐക്യം തകര്‍ക്കുന്നതാകരുത് നിയമങ്ങള്‍. മറിച്ച് പരസ്‌പര ബഹുമാനവും സഹവര്‍ത്തിത്തവും പരിപോഷിപ്പിക്കുന്നതാകണം അവയെന്നും കോടതി അഭിപ്രായപ്പെട്ടു. 1965ലെ ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തില്‍ അഹിന്ദുക്കള്‍ക്കു ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും അതിന്റെ അടിസ്‌ഥാനത്തില്‍ രൂപം കൊടുത്ത ചട്ടം 3 (എ)യിലാണ് അഹിന്ദുക്കള്‍ക്കു പ്രവേശനമില്ലെന്നു പറയുന്നത്. നിയമവും ചട്ടവും വിരുദ്ധമായി വരികയാണെങ്കില്‍ നിയമമായിരിക്കും നിലനില്‍ക്കുക എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണോ എന്നു തന്ത്രിമാരുമായും ദേവസ്വം ബോര്‍ഡുമായും മതപണ്ഡിതരുമായും കൂടിയാലോചിച്ചു സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
2023 സെപ്‌റ്റംബര്‍ ഏഴിനു ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്ര ഉദ്‌ഘാടനം ചെയ്യാനെത്തിയ ഡോ.സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണമെന്ന് ആഗ്രഹമറിയിച്ചു. തുടര്‍ന്നു ക്ഷേത്രോപദേശക സമിതി തന്ത്രിയുടെ അനുമതി വാങ്ങിയശേഷം അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്‌തു.