Sunday, March 15, 2026 Last Updated 46 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.35 PM

കൂട്ടബലാത്സംഗം മറ്റൊരു സ്‌പാ ഉടമയുടെ ക്വട്ടേഷന്‍?

പത്തനംതിട്ട; തിരുവല്ലയില്‍ സ്‌പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്‌ത കേസ്‌ വഴിത്തിരിവില്‍. തിരുവല്ലയിലെതന്നെ മറ്റൊരു സ്‌പാ ഉടമയുടെ ക്വട്ടേഷനാണ്‌ ഗുണ്ടകള്‍ നടപ്പാക്കിയതെന്നു പീഡനം നടന്ന സ്‌പായുടെ ഉടമ സഞ്‌ജീവ്‌ ആരോപിച്ചു.
അതേസമയം, പോലീസിന്‌ മാസപ്പടി നല്‍കിയാണ്‌ നഗരത്തിലെ മിക്ക സ്‌പാകളും പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമുയര്‍ന്നു. പോലീസിന്റെ മാസപ്പടി പിരിവില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ്‌ ഗുണ്ടാസംഘം സ്‌പായില്‍ കയറി പണം ആവശ്യപ്പെട്ടതെന്നും സൂചന. കേസിലെ പ്രതികള്‍ക്കുവേണ്ടി ഭരണപക്ഷത്തെ ജില്ലാനേതാവില്‍നിന്ന്‌ ഉള്‍പ്പെടെ രാഷ്‌ട്രീയ ഇടപെടലുണ്ടായെന്നും ആരോപണമുയര്‍ന്നു.
തിരുവല്ല, മഞ്ഞാടിയിലാണ്‌ ഗുണ്ടാപ്പിരിവ്‌ നല്‍കാന്‍ വിസമ്മതിച്ചതിനേത്തുടര്‍ന്ന്‌ സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയുയര്‍ന്നത്‌. കാപ്പാ കേസ്‌ പ്രതിയായ 'മരണ സുബിന്‍' എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ഉള്‍പ്പെടെ ആറുപേരാണ്‌ കഴിഞ്ഞ ഒന്നിന്‌ വൈകിട്ട്‌ സ്‌പായില്‍ അതിക്രമം നടത്തിയത്‌. സ്‌പായില്‍ എത്തിയ യുവാവിനെ ജീവനക്കാരിക്കൊപ്പം കിടത്തി അക്രമികള്‍ വീഡിയോ ചിത്രീകരിച്ചു. കഴുത്തില്‍ കത്തിവച്ച്‌ ഭീഷണിപ്പെടുത്തിയാണ്‌ തന്നെ ആക്രമിച്ചതെന്നും സംഭവത്തില്‍ സഹപ്രവര്‍ത്തകയ്‌ക്കു പങ്കുണ്ടോയെന്നു സംശയിക്കുന്നതായും അതിജീവിത പോലീസിനു മൊഴിനല്‍കി.
കൂട്ടബലാത്സംഗവിവരം സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതിനേത്തുടര്‍ന്നാണ്‌ സ്‌ഥാപനത്തിലെത്തി യുവതികളുടെ മൊഴിയെടുത്തതെന്നും കേസെടുത്തതെന്നും ജില്ലാ പോലീസ്‌ മേധാവി ആര്‍. ആനന്ദ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മുഖ്യപ്രതി സുബിന്‍ അലക്‌സാണ്ടറും കൂട്ടാളി ബെര്‍ലിന്‍ ദാസും അറസ്‌റ്റിലായി. തുടക്കത്തില്‍ പരാതി ലഭിച്ചിരുന്നില്ല. പോലീസ്‌ സ്വമേധയാ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന്‌ സ്‌പാ ഉടമയുടെ മൊഴി രേഖപ്പെടുത്തി.
ക്വട്ടേഷന്‍ ആക്രമണമായിരുന്നോയെന്ന്‌ പോലീസ്‌ പരിശോധിച്ചുവരുന്നു. പോലീസ്‌ ഉദ്യോഗസ്‌ഥര്‍ സ്‌പായില്‍നിന്ന്‌ മാസപ്പടി വാങ്ങിയെന്ന ആരോപണം തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകും. പ്രതി സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരേ വീണ്ടും കാപ്പാ ചുമത്തും. സ്‌പാ ഉടമ ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇത്തരം സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷിക്കുമെന്നു ജില്ലാ പോലീസ്‌ മേധാവി പറഞ്ഞു.

Ads by Google
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW