-->
ക്വലാലംപുര്‍: വളര്‍ച്ചയ്‌ക്കുള്ള വിശ്വസ്‌ത പങ്കാളിയായാണ് ലോകം ഇന്ത്യയെ കാണുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അമേരിക്കയും ബ്രിട്ടനുമായും യൂറോപ്യന്‍ യൂണിയനുമായും ഉണ്ടാക്കിയ വ്യാപാര കരാറുകളില്‍ ഇക്കാര്യം വ്യക്‌തമാണ്. ഇന്ത്യയുടെ ഏറ്റവും ശക്‌തമായ കറന്‍സിയായി 'വിശ്വാസം' മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദ്വിദിന സന്ദര്‍ശനത്തിനായി മലേഷ്യയിലെത്തിയപ്പോഴാണു പ്രധാനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. നേരത്തേ ഇന്ത്യയെ ഒരു വിപണിയായാണു ലോകം കണ്ടിരുന്നത്. ഇപ്പോള്‍ നിക്ഷേപത്തിനും വ്യാപാരത്തിനുമുള്ള പങ്കാളിയായി ഇന്ത്യ മാറിയിരിക്കുന്നു. വളര്‍ച്ചയിലേക്കു കുതിക്കാനുള്ള വിശ്വസ്‌ത പങ്കാളിയായാണ് ലോകം ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു ജീവനുള്ള പാലമായി ഇന്ത്യന്‍ പ്രവാസികള്‍ വര്‍ത്തിച്ചുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മലേഷ്യയില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യക്കാരുടെയും മലേഷ്യക്കാരുടെയും ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി കാര്യങ്ങളും. തമിഴ്‌ഭാഷ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാനഘടകമാണ്. ആഗോളതലത്തില്‍ത്തന്നെ പലയിടത്തും തമിഴ്‌സംസ്‌കാരം കാണാന്‍ കഴിയും. എം.ജി.ആറിന്റെ തമിഴ്‌ഗാനങ്ങള്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന് ഇഷ്‌ടമാണെന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.