-->
കാസര്‍കോട്: രാഷ്ട്രീയ ഇസ്‌ളാം എന്നത് അപകടകരമായ ആശയമാണെന്നും പാന്‍ ഇസ്ലാമിക് തീവ്ര ചിന്തയ്ക്കെതിരെ ജാഗ്രതവേണമെന്നും സമസ്തയുടെ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം. രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയമാണെന്നും ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
ജമാ അത്തെ ഇസ്‌ളാമിയുടെ പിന്തുണ ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് സമസ്ത രംഗത്ത് വന്നിരിക്കുന്നത്. ജമാ അത്തെ ഇസ്‌ളാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമസ്തയുടെ നൂറാം വാര്‍ഷികത്തിലായിരുന്നു പ്രമേയം അവതരിപ്പിച്ചത്.
മൗദൂദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും മതരാഷ്ട്രവാദവും തീവ്ര പ്രബോധന ശൈലിയും തങ്ങളുടെ വഴിയല്ലെന്നും പറഞ്ഞു. ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മഹത്തുക്കളായ മുന്‍ഗാമികള്‍ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പാന്‍ ഇസ്ലാമിസ്റ്റ് തീവ്ര ചിന്താഗതികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്യുന്നു.
മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്ലാം എന്ന അപകടകരമായ ആശയത്തിലൂടെയും മുസ്ലിം യുവാക്കളെ മുഖ്യധാരയില്‍ നിന്നും വഴിതെറ്റാന്‍ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകള്‍ ഗൗരവതരമായ വെല്ലുവിളിയാണ്. നിഷ്പക്ഷമാധ്യമങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി നടത്തുന്ന ഭൗതീകമായ കടന്നുകയങ്ങളെയും സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന അജണ്ടകളെയും തിരിച്ചറിയേണ്ടതുണ്ട്.
സഹിഷ്ണുതയും സൗഹൃദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇത്തരം വിഘടനവാദ ചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും സമുദായത്തിന്റെ തനിമ നിലനിര്‍ത്താന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും സമ്മേളനം ആഹ്വാനം ചെയ്യുന്നതായും പ്രമേയത്തില്‍ പറയുന്നു.
ജമാ അത്തെ ഇസ്ളാമി നാലു പതിറ്റാണ്ടായി ഇടതുപക്ഷത്തായിരുന്നെന്നും അവര്‍ സ്വീകരിച്ചത് പോലെ തങ്ങളും ജമാ അത്തെ ഇസ്‌ളാമിയുടെ പിന്തുണ സ്വീകരിക്കുന്നു എന്നാണ് വി.ഡി. സതീശന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെയാണ് ജമാ അത്തെ ഇസ്‌ളാമി മതരാഷ്ട്രവാദം ഉയര്‍ത്തുന്നവരാണെന്ന് ആക്ഷേപവുമായി സമസ്തയും രംഗത്ത് വന്നിരിക്കുന്നത്.