-->
ഹരാരേ (സിംബാബ്‌വേ): ഇംഗ്ലണ്ടിനെ 100 റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റിന് 411 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 41-ാം ഓവറില്‍ 311 റണ്ണെടുത്തു.
മത്സരത്തിലാകെ 722 റണ്‍ പിറന്നു. ആറാം തവണയാണ് ഇന്ത്യ ജേതാക്കളാകുന്നത്. അണ്ടര്‍ 19 യിലെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാരായ അവര്‍ തുടര്‍ച്ചയായി ആറാം ഫൈനലാണു കളിച്ചത്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ആയുഷ് എംഹാത്രെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
14 വയസുകാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ കിടിലന്‍ സെഞ്ചുറിയാണ് (80 പന്തില്‍ 15 സിക്‌സറും 15 ഫോറുമടക്കം 175) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്നലെ പിറന്നത്. യൂത്ത് ഏകദിന നോക്കൗട്ടിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം വൈഭവ് സൂര്യവംശിയും സ്വന്തമാക്കി. ആയുഷ് എംഹാത്രെ (51 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം 53) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് (ഒന്‍പത്) നിരാശപ്പെടുത്തിയെങ്കിലും മറ്റു ബാറ്റര്‍മാര്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ തച്ചു തകര്‍ത്തു.
കാലെബ് ഫാക്‌നര്‍ (67 പന്തില്‍ ഏഴ് സിക്‌സറും ഒന്‍പത് ഫോറുമടക്കം 115) സെഞ്ചുറിയുമായി പൊരുതിയെങ്കിലും ഇംഗ്ലണ്ടിനെ കിരീടത്തിലെത്തിക്കാനായില്ല. ഓപ്പണര്‍ ബെന്‍ ഡോകികന്‍സ് (56 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം 66), ബെന്‍ മായ്‌സ് (28 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം 45) എന്നിവരുടെ പോരാട്ടത്തിനും ഇന്ത്യയുടെ കിരീടം നേട്ടം തടയാനായില്ല. 2016 നു ശേഷം ഇന്ത്യന്‍ യുവനിര എല്ലാ ഫൈനലുകളിലും കളിച്ചു.