-->
ജയ്പൂര്‍: ഹോട്ടലില്‍ വെയ്റ്ററായി ജോലി ചെയ്യുന്ന കാമുകന് വേണ്ടി എംകോം വിദ്യാര്‍ത്ഥിനിയായ യുവതി ഉന്നതവിദ്യാഭ്യാസമുള്ള ഭര്‍ത്താവിനെ ആസൂത്രണം ചെയ്തു കൊലപ്പെടുത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ 'ഹണിമൂണ്‍ മര്‍ഡര്‍' എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സംഭവത്തില്‍ ആശിഷ് എന്ന 27 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ 23 കാരി അഞ്ജലിയും കാമുകന്‍ സഞ്ജു അയാളുടെ കൂട്ടാളികള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടലിലും ദുഃഖത്തിലുമാണ് ഇവരുടെ കുടുംബങ്ങളും ഗ്രാമീണരും. ആശിഷിന്റെയും അഞ്ജലിയുടെയും കുടുംബങ്ങള്‍ തമ്മില്‍ വലിയ സൗഹൃദത്തിലായിരുന്നു. ഈ കുടുംബങ്ങള്‍ തമ്മില്‍ ഇതിനകം തന്നെ മൂന്ന് വിവാഹബന്ധങ്ങള്‍ നിലവിലുണ്ട്.
സാദുല്‍ഷഹര്‍ സ്വദേശിനിയായ അഞ്ജലിയും പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള 1-കെ.എല്‍.എം ഗ്രാമത്തിലെ ആശിഷും തമ്മിലുള്ള വിവാഹം മൂന്ന് മാസം മുമ്പാണ് നടന്നത്. ജിയോളജിയില്‍ എം.എസ്സി പൂര്‍ത്തിയാക്കിയ ആശിഷ് ബി.എഡ് പഠിക്കുകയാണ്. അഞ്ജലി എം.കോം വിദ്യാര്‍ത്ഥിനിയാണ്. ഇരു കുടുംബങ്ങളും തമ്മിലുള്ള അടുത്ത ബന്ധമാണ് വിവാഹത്തില്‍ എത്തിയത്.
വലിയ ആഘോഷത്തോടെയാണ് ഇവരുടെ വിവാഹം നടന്നത്. ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ശ്രീഗംഗാനഗര്‍ നഗരത്തില്‍ വെച്ചാണ് അഞ്ജലി സഞ്ജുവിനെ കണ്ടുമുട്ടിയതെന്നും ഇവരുടെ ബന്ധത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിയാമായിരുന്നിരിക്കാം എന്നും അയല്‍വാസികള്‍ പറയുന്നു. സഞ്ജുവിനെ മറക്കാനായിരിക്കാം വീട്ടുകാര്‍ ആശിഷുമായുള്ള വിവാഹം നടത്തിയത്. എന്നാല്‍ വിവാഹശേഷം വീട്ടിലെത്തിയപ്പോള്‍ അഞ്ജലി വീണ്ടും സഞ്ജുവുമായി ബന്ധപ്പെടുകയായിരുന്നുവെന്നും അവര്‍ സൂചിപ്പിച്ചു.
ജനുവരി 30-ന് അ്ഞ്ജലിയും ആശിഷും ഗ്രാമം ചുറ്റിക്കാണാന്‍ പോയിരുന്നു. അന്ന് വൈകിട്ട് ആശിഷിനെയും അഞ്ജലിയെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. വാഹനാപകടമാണെന്ന് കരുതി ഇരുവരേയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ആശിഷ് മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം തന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ അഞ്ജലി, ഇടയ്ക്കിടെ ബോധം മറയുന്നതായി അഭിനയിച്ചുകൊണ്ടിരുന്നു. ആശിഷിന്റെ പരിക്കുകളും അഞ്ജലിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും പരിശോധിച്ച പോലീസ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു എന്ന് കണ്ടെത്തി.
സഞ്ജുവും രണ്ട് സുഹൃത്തുക്കളും റോഡരികിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. അഞ്ജലിയും ആശിഷും അവിടെ എത്തിയപ്പോള്‍ അവര്‍ ആശിഷിനെ ആക്രമിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഇത് റോഡപകടമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം. അഞ്ജലി തന്റെ കമ്മലുകള്‍ സഞ്ജുവിന് കൈമാറിയ ശേഷം, പോലീസ് എത്തിയപ്പോള്‍ ബോധരഹിതയായതുപോലെ റോഡില്‍ കിടന്ന് അഭിനയിക്കുകയായിരുന്നു.
അന്വേഷണത്തില്‍ ആശിഷിനെ വിവാഹം കഴിച്ചെങ്കിലും തന്റെ പഴയ കാമുകനുമായി അഞ്ജലി ബന്ധം പുതുക്കിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സഞ്ജുവിന്റെ പിതാവ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാണെന്നും അവന് രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും കാറ്ററിംഗ് സഹായിയായി (വെയിറ്റര്‍) ജോലി ചെയ്യുകയാണ് അവന്‍. മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാതിരുന്നിട്ടും, സുഹൃത്തുക്കളായ രോഹിത് (റോക്കി), ബാദല്‍ എന്നിവരോടൊപ്പം ചേര്‍ന്ന് അവന്‍ ഈ കൊലപാതകം നടത്തുകയായിരുന്നെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
13 വര്‍ഷം മുമ്പ് അഞ്ജലിയുടെ പിതാവ് മരിച്ചതാണ്. തുടര്‍ന്ന് അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ഒപ്പമാണ് അവള്‍ താമസിച്ചിരുന്നത്. ആശിഷുമായുള്ള വിവാഹത്തിന് ശേഷം, എം.കോം പഠനത്തിന്റെ പേര് പറഞ്ഞാണ് അവള്‍ കുറച്ചുനാള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. മക്കളില്ലാത്ത അമ്മാവനും അമ്മായിയുമാണ് ആശിഷിനെ വളര്‍ത്തിയത്. അമ്മായി തന്നെയാണ് തന്റെ സഹോദരപുത്രിയായ അഞ്ജലിയെ ആശിഷിനായി ആലോചിച്ചുറപ്പിച്ചത്.