-->
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലാ ജാഥയില്‍ കരുത്തു തെളിയിക്കണമെന്ന് ഇടതുമുന്നണിയിലെ എല്ലാ ഘടകക്ഷികള്‍ക്കും സി.പി.എം. നിര്‍ദേശം. ജോസ് കെ. മാണിയെ മുന്നില്‍ നിര്‍ത്തുന്നതിലൂടെ ക്രിസ്‌ത്യന്‍ ന്യൂനപക്ഷ വോട്ടിലാണ് സി.പി.എമ്മിന്റെ കണ്ണ്. ജോസിന് ക്രൈസ്‌തവ മേലധ്യക്ഷന്‍മാര്‍ക്കിടയിലുള്ള സ്വാധീനം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നും സി.പി.എം. കണക്കുകൂട്ടുന്നു.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കൈ ആവര്‍ത്തിച്ചാല്‍ മാത്രമേ മൂന്നാം പിണറായി സര്‍ക്കാര്‍ യാഥാര്‍ഥ്യമാകൂ എന്ന തിരിച്ചറിവ് സി.പി.എം. നേതൃത്വത്തിനുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് ഏതു വിധേയനേയും മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സി.പി.എം. തയാറായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യമേഖലയിലുണ്ടായ നേട്ടം കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫില്‍ എത്തിയതുകൊണ്ടാണെന്ന വിലയിരുത്തലാണു സി.പി.എം നേതൃത്വത്തിന്. അതുകൊണ്ടാണ് സി.പി.ഐയുടെ എതിര്‍പ്പും മറികടന്ന് മാണി ഗ്രൂപ്പിനു പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ സി.പി.എം. തയാറായത്.
ഇടതുമുന്നണിയുടെ ചരിത്രത്തില്‍ ആദ്യമായാണു ഘടകകക്ഷി നേതാക്കളെ ജാഥാ ക്യാപ്‌റ്റന്‍മാരാക്കുന്നത്. നാളെ ആറന്മുളയില്‍നിന്നാണ് ജാഥ ആരംഭിക്കുന്നത്. തുടര്‍ന്ന് ഏഴിന് അടൂര്‍, തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയത്ത് സമാപിക്കും. 14-ന് യാത്ര എറണാകുളത്ത് സമാപിക്കും.
ഷാലു മാത്യു