Sunday, March 15, 2026 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.29 AM

മല എലിയെ പ്രസവിച്ചതുപോലെയുള്ള ബജറ്റ്‌: കെ.സി. വേണുഗോപാല്‍ എം.പി.

ആലപ്പുഴ: വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നു രാജ്യവ്യാപകമായി പ്രചാരണം നടത്തിയിട്ട്‌, മല എലിയെ പ്രസവിച്ചെന്നു പറയുംപോലെയായിരുന്നു കേന്ദ്ര ബജറ്റെന്ന്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഏറ്റവും നിരാശാജനകമായ ബജറ്റാണിത്‌. യുവാക്കള്‍ക്കുവേണ്ടി ചില പരാമര്‍ശങ്ങളുണ്ടെന്നല്ലാതെ, തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ പദ്ധതികളോ ബജറ്റ്‌ വിഹിതമോ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക്‌ തീര്‍ത്തും നിരാശാജനകമായ ബജറ്റാണിത്‌. മിനിമം സപ്പോര്‍ട്ട്‌ ൈപ്രസ്‌ നിയമപരമാക്കുകയെന്ന ദീര്‍ഘകാല ആവശ്യം അവഗണിച്ചു. കഴിഞ്ഞ ബജറ്റുകളില്‍ പറഞ്ഞ കുറെ വാചകങ്ങള്‍ പുതിയ ഡിസൈനില്‍ അവതരിപ്പിച്ചു എന്നല്ലാതെ കാതലായ ഒന്നുമില്ല.
കേരളത്തെ ബജറ്റ്‌ പൂര്‍ണമായി അവഗണിച്ചു എന്നതാണ്‌ ഏറ്റവും സങ്കടകരമായ കാര്യം. 2013-14 ല്‍ യു.പി.എ സര്‍ക്കാര്‍ കേരളത്തിനു വാഗ്‌ദാനം ചെയ്‌ത എയിംസ്‌ 13 വര്‍ഷം കഴിഞ്ഞിട്ടും ഈ ബജറ്റിലും നല്‍കിയില്ല. ആരോഗ്യം, ടൂറിസം, ആയുര്‍വേദം, പരമ്പരാഗത വ്യവസായം എന്നീ മേഖലകളില്‍ കേരളത്തിനു മാത്രമായി ഒരു പദ്ധതിയുമില്ല. ഹൈ സ്‌പീഡ്‌ റെയില്‍ കോറിഡോറിന്റെ കാര്യത്തില്‍ ഇ. ശ്രീധരന്‍ വലിയ പ്രതീക്ഷയാണു നല്‍കിയത്‌. പക്ഷേ രാജ്യത്തെ ഏഴിടങ്ങളില്‍ ഇതനുവദിച്ചിട്ടും കേരളത്തിലില്ല.
ബി.ജെ.പി സര്‍ക്കാര്‍ കേരളത്തെ എങ്ങനെയാണു കാണുന്നത്‌ എന്നതിന്റെ തെളിവാണിത്‌. ധാതുമണല്‍ പ്രത്യേക കോറിഡോറിന്റെ കാര്യത്തില്‍ കേരളത്തിന്‌ ആശങ്കകളുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
ധാതുമേഖലയിലേക്ക്‌ ഇപ്പോള്‍ സര്‍ക്കാരിന്റെ ഇഷ്‌ടപ്പെട്ട കോര്‍പ്പറേറ്റുകള്‍ കടന്നു വന്നിട്ടുണ്ട്‌. കേരളത്തിന്റെ അമൂല്യമായ ധാതുസമ്പത്ത്‌ ഖനനം ചെയ്യാനുള്ള അവകാശം പൊതുമേഖലയ്‌ക്കു മാത്രമാണ്‌. ഇതുമായി ബന്ധപ്പെട്ട കോറിഡോറിന്റെ വിശദാംശങ്ങള്‍ വന്നാലേ ഇതിന്റെ പിന്നില്‍ ചതിക്കുഴികളുണ്ടോയെന്ന്‌ മനസ്സിലാക്കാന്‍ പറ്റൂ. ഇതുവരെ കൊടുത്ത പദ്ധതികള്‍പോലും സംസ്‌ഥാന സര്‍ക്കാരിന്‌ ചെയ്യാന്‍ കഴിയുന്നില്ലെന്നും പിന്നെയെങ്ങനെ കൂടുതല്‍ പദ്ധതികള്‍ കൊടുക്കുമെന്നുമാണ്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ പറഞ്ഞത്‌.
ബി.ജെ.പി ഭരിക്കുന്ന ഒഡീഷ പോലുള്ള സംസ്‌ഥാനങ്ങളില്‍ എല്ലാം നടപ്പാക്കിയതിന്റെ അടിസ്‌ഥാനത്തിലാണോ വീണ്ടും പദ്ധതികള്‍ കൊടുത്തത്‌? ബജറ്റിലെ അവഗണന തിരുത്താന്‍ ബി. ജെ.പി പ്രസിഡന്റ്‌ അടിയന്തരമായി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടണം.
കേരളത്തോടു കാട്ടിയ അവഗണനയ്‌ക്കെതിരേ കേരളത്തിന്റെ ശബ്‌ദം പാര്‍ലമെന്റില്‍ ഉയരും.
നന്ദിപ്രമേയ ചര്‍ച്ചയിലും ബജറ്റ്‌ ചര്‍ച്ചയിലും ശക്‌തമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

Ads by Google
Monday 02 Feb 2026 01.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW