-->
ന്യൂഡല്‍ഹി : സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും ഏർപ്പെടുത്തിയ അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് ഏർപ്പെടുത്തിയ ആരോഗ്യ സെസും ഇന്ന് മുതൽ പ്രാബല്യത്തിലാകും. ഏറ്റവും ഉയർന്ന 40% ജിഎസ്ടി നിരക്കിന് മുകളിലാണ് ഈ അധിക തീരുവ ചുമത്തുന്നത്. സിഗരറ്റുകളുടെ നികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് ഫെബ്രുവരി 1 മുതല്‍ പുതിയ എക്‌സൈസ് ഡ്യൂട്ടി പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സിഗരറ്റ് വിലയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനയാണ് ഉണ്ടാകുന്നത്. ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്‌കരണം എന്നിവ വന്നതോടെ വില കുത്തനെ കൂടും. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69 എംഎം, 74എംഎം എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും. അസംസ്‌കൃത പുകയിലയ്ക്ക് 60-70 ശതമാനം എക്‌സൈസ് തീരുവയും, ഇ-സിഗരറ്റുകള്‍ക്കും മറ്റ് നിക്കോട്ടിന്‍ ഉത്പന്നങ്ങള്‍ക്കും 100 ശതമാനം നികുതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാന്‍ മസാല, ഗുട്ക തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ആരോഗ്യ, ദേശീയ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2017 ജൂലായില്‍ ജിഎസ്ടി ആരംഭിച്ചപ്പോള്‍ മുതല്‍ നിലവിലുള്ള കോമ്പന്‍സേഷന്‍ സെസിനോടൊപ്പം 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന പഴയ സംവിധാനത്തിന് പകരമായാണ് പുതിയ നികുതികള്‍ വരുന്നത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, 1,000 നോണ്‍-സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ തനതായ ഡിസൈനുകളുള്ള സിഗരറ്റുകള്‍ക്ക് 2,050 രൂപ മുതല്‍ 8,500 രൂപ വരെ എക്‌സൈസ് തീരുവ ഈടാക്കും. സിഗരറ്റിന്റെ നീളത്തെയും ഇനത്തെയും ആശ്രയിച്ച് ചില വിഭാഗങ്ങളില്‍ ഇത് 11,000 രൂപ വരെ ഉയരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 65 മി.മീ വരെയുള്ള ചെറിയ നോണ്‍-ഫില്‍ട്ടര്‍ സിഗരറ്റുകള്‍ക്ക് ഒരു സ്റ്റിക്കിന് ഏകദേശം 2.05 രൂപ എക്‌സൈസ് തീരുവയും, ഇതേ നീളമുള്ള ചെറിയ ഫില്‍ട്ടര്‍ സിഗരറ്റുകള്‍ക്ക് 2.10 രൂപയും ഈടാക്കും. ഇടത്തരം നീളമുള്ള സിഗരറ്റുകള്‍ക്ക് ഒരു സ്റ്റിക്കിന് ഏകദേശം 4 രൂപയും, നീളമുള്ളവയ്ക്ക് 5.40 രൂപയും ഈടാക്കും. സിഗരറ്റുകളുടെ മൊത്തത്തിലുള്ള നികുതി ഭാരം 50-55 ശതമാനത്തില്‍ നിന്ന് 60-70 ശതമാനമായി ഉയരാം.