-->
കണ്ണൂര്‍: പയ്യന്നൂരില്‍ ഫണ്ട് വിവാദം വലിയ വാര്‍ത്തയായിരിക്കെ ടി ഐ മധുസൂദനന്‍ എംഎല്‍എയ്ക്ക് എതിരേ കുഞ്ഞികൃഷ്ണന്റെ പുസ്തകം. പയ്യന്നൂര്‍ എംഎല്‍എ യ്ക്ക് എതിരേ ഗുരുതര ആരോപണമാണ് പുസ്തകത്തിലുള്ളത്. പയ്യന്നൂരിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത് 2005 യില്‍ മധുസൂദനന്‍ ഏരിയ സെക്രട്ടറി ആയത് മുതലെന്ന് പുസ്തകത്തില്‍ പറയുന്നു. 16 അധ്യായങ്ങളും 96 പേജുകളുമുള്ള 'നേതൃത്വത്തെ അണികള്‍ തിരുത്തണ'മെന്ന പുസ്തകത്തിലാണ് പരാമര്‍ശം. ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവ് എന്നാണ് ടിഐ മധുസൂദനന്‍ പുസ്തകത്തില്‍ വിമര്‍ശിക്കുന്നത്.
പയ്യന്നൂരിലെ പാര്‍ട്ടിയെ തന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമം നടത്തിയെന്നും പാര്‍ട്ടിയില്‍ ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്. പയ്യന്നൂരിലെ നേതൃത്വം താനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം ടി ഐ മധുസൂദനന്‍ നടത്തുകയുണ്ടായി. അതിനു വേണ്ടി ക്യാംപെയ്ന്‍ നടത്താന്‍ ആശ്രിതരെ സൃഷ്ടിക്കാന്‍ ശ്രമിച്ചു.
സഹകരണ സ്ഥാപനങ്ങളിലും മറ്റും തൊഴിലുകള്‍ നല്‍കുമ്പോള്‍ ഇത് താന്‍ നല്‍കിയതാണ്, എന്ന രീതിയിലുള്ള ബോധം വളര്‍ത്താന്‍ ശ്രമം നടത്തി. പാര്‍ട്ടിയല്ല ജോലി തന്നത് എന്ന് പറഞ്ഞ് ആശ്രിതരെ ഉപയോഗിച്ച് ശ്രമങ്ങള്‍ നടന്നു. തനിക്ക് മേലെ വളരാന്‍ ആരെയും അനുവദിക്കില്ലെന്ന് കാണാന്‍ സാധിക്കും പുസ്തകത്തില്‍ പറയുന്നു. ഇത് ഒരു ഭാഗത്ത് ആശ്രിതരേയും മറുഭാഗത്ത് അസംതൃപ്ത വിഭാഗത്തേയും സൃഷ്ടിക്കാന്‍ ഇടയാക്കിയെന്നും അതാണ് വിഭാഗീയതയുടെ തുടക്കമെന്നും പറയുന്നു.
ഇത്തരം രീതികളെ പാര്‍ട്ടിക്കകത്ത് പലപ്പോഴും ചോദ്യം ചെയ്തെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല നേതൃത്വം തന്നെ മധുസുദനനെ രക്ഷിച്ചു. പാര്‍ട്ടിയിലെ അഴിമതി നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ പയ്യന്നൂര്‍ എംഎല്‍എക്കെതിരെ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ആരോപിക്കുന്നു. ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചിരുന്നത്. പക്ഷേ, നേതൃത്വം എല്ലാകാലത്തും അയാളെ സംരക്ഷിക്കുകയായിരുന്നു.
ടി ഐ മധുസൂദനന്‍ എംഎല്‍എ അടക്കമുള്ളവര്‍ പാര്‍ട്ടി ഫണ്ടില്‍ വന്‍ തിരിമറി നടത്തി. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ക്രമക്കേട് നടത്തി. കെട്ടിട നിര്‍മ്മാണ ഫണ്ടിനായുള്ള രസീത് മധുസൂദനന്‍ വ്യാജമായി നിര്‍മ്മിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയില്‍ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചെലവിലും ക്രമക്കേട് നടത്തിയെന്നും വി കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.