Saturday, March 14, 2026 Last Updated 58 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 05.10 PM

‘‘ജോഷി സാറിന്റെ പറച്ചില്‍ കേട്ട് മകള്‍ക്ക് ഇടാന്‍ വച്ചിരുന്ന പേര് വരെ മാറ്റി; പിന്നെ പെട്ടെന്ന് കിട്ടിയ പേര് അങ്ങിട്ടു, തന്മയ എന്ന്...’’ നരേന്‍

uploads/news/2026/01/823059/Untitled-5.jpg
Narain Ram about director joshey (Image Source: Instagram)

സിനിമയോടുള്ള ഇഷ്ടം കൊണ്ട് ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാറ്റോഗ്രഫിയിൽ ഡിപ്ലോമ നേടിയതിനു ശേഷം രാജീവ് മേനോന്റെ ക്യാമറ അസിസ്റ്റന്റ് ആയി സിനിമയിലെത്തിയ ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘നിഴല്‍ക്കൂത്ത്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ പ്രിയതാരമാണ് നരേന്‍. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നരേന് മലയാളസിനിമയില്‍ ഇടം കിട്ടിത്തുടങ്ങി.
‘അച്ചുവിന്റെ അമ്മ’യിലെ അഡ്വ. ഇമ്മാനുവലും ‘ക്ലാസ്മേറ്റ്സി’ലെ ​‘മുരളി’യുമാണ് നരേന്റെ കരിയറിലെ വഴിത്തിരിവുകളായി മാറിയത്. എങ്കിലും മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നരേനിലെ നടനെ ഒരുപക്ഷെ കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് തമിഴ് സിനിമകളാകും. രണ്ടു ദശാംബ്ദം പിന്നിടുന്ന അവസരത്തിൽ രസകരമായ വേഷപ്പകർച്ചകളാണ് നരേനെ തേടിയെത്തുന്നത്. കൈതിയും, സാഹസവും, എക്കോയുമൊക്കെ അതില്‍ ചിലതു മാത്രം.
ഇപ്പോഴിതാ തന്റെ മകള്‍ക്ക് ഇടാന്‍ വച്ചിരുന്ന പേര് മാറ്റാനുള്ള കാരണം സംവിധായകന്‍ ജോഷിയാണെന്ന് പറയുകയാണ് നരേന്‍.
‘‘റോബിന്‍ഹുഡിന്റെ സമയത്താണ് എന്റെ മകള്‍ തന്മയയുടെ പേരീടിലിന്റെ ചടങ്ങ്. പേരിടാന്‍ വേണ്ടി എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകാന്‍ തുടങ്ങുകയാണ് ഞാന്‍. എന്റെ ഷോട്ട് കഴിഞ്ഞപ്പോള്‍, ‘ഓഹ്, താന്‍ നാളെ ഇല്ല അല്ലേ...’ എന്ന് ജോഷി സാര്‍ ഓര്‍ത്തെടുത്ത് ചോദിച്ചു. ‘ഇല്ല സര്‍, ​മോള്‍ടെ പേരീടിലിന് കോഴിക്കോട് പോകുവാ...’ എന്ന് ഞാന്‍ പറഞ്ഞു.
‘എന്താ മോള്‍ക്ക് ഇടുന്ന പേര്... ? ’ ജോഷി സാര്‍ ചോദിച്ച. ‘സംഘമിത്ര എന്നാണ് സാര്‍. മഞ്ജു ഇട്ട പേരാണ്’ എന്ന് ഞാന്‍ പറഞ്ഞു.
‘ആ... സംഘമിത്ര, പഴയ നാടകക്കമ്പനിയുടെ പേരാണ്. ഇപ്പോ അതൊക്കെ പൂട്ടിപ്പോയി, ഒന്നുമില്ലാതെയായി...’ എന്നായി ജോഷി സാര്‍. ‘ങേ...’ അതു കേട്ടതും എന്റെ മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ വന്നു. അത് സ്വഭാവികമായി പൂട്ടിപ്പോയതാണ്. എങ്കിലും ആദ്യമായി അങ്ങനെ കേട്ടപ്പോള്‍ മനസ്സില്‍ എന്തോ പോലെ. ഉടനെ ഞാന്‍ മഞ്ജുവിനെ വിളിച്ചു പറഞ്ഞു. അങ്ങനെ കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ പെട്ടെന്ന് കിട്ടിയ പേരാണ് തന്മയ....’’ ചിരിച്ചു ​കൊണ്ട് നരേന്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നരേൻ ഇക്കാര്യം പറഞ്ഞത്.

മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്ന നരേന്‍ ഒരു ഇടവേളയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയിലെ പോലീസ് കഥാപാത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. പിന്നീട് ലോകേഷിന്റെ തന്നെ വിക്രത്തിലും അഭിനയിച്ചു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന നരേന്‍ തന്റെ പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞു കൂടി വരുന്ന സന്തോഷം പങ്കുവച്ചത്. 2007-ലായിരുന്നു നരേന്റേയും മഞ്ജുവിന്റേയും വിവാഹം. മൂത്ത മകള്‍ തന്മയയും ഭാര്യ മഞ്ജുവിനൊപ്പം മകന്‍ ഓംകാറിന്റെ വിദ്യാരംഭ ചിത്രങ്ങള്‍ നരേന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Ads by Google
Thursday 29 Jan 2026 05.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW