-->
തിരുവനന്തപുരം: ആരോഗ്യരംഗത്തിനു കേരളം മാതൃകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമേഖലയിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ യു.ഡി.എഫിന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തു കേരളം ഒരുക്കിയതു വലിയ സൗകര്യങ്ങളാണെന്നും എല്‍.ഡി.എഫ്. അധികാരത്തിലെത്തിയതോടെ ആരോഗ്യരംഗത്തു വലിയ മാറ്റങ്ങളുണ്ടായെന്നും ആര്‍ദ്രം അടക്കം പദ്ധതികള്‍ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാപ്പിഴവ് എണ്ണിപറഞ്ഞു കോണ്‍ഗ്രസിലെ പി.സി. വിഷ്‌ണുനാഥാണ് ചര്‍ച്ച ആരംഭിച്ചത്. വിളപ്പില്‍ശാല ആശുപത്രി കവാടം രാത്രി മൂന്നു പൂട്ടിട്ടു പൂട്ടിയ നിലയിലാണ്. എന്തിനാണ് ആശുപത്രി പൂട്ടുന്നത്? പട്ടി കടിക്കാന്‍ വരുമെങ്കില്‍ സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചു കൂടെ?. വിളപ്പില്‍ശാലയിലെ ചികിത്സാപ്പിഴവില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കി. എന്നാല്‍, മരിച്ച വ്യക്‌തിയുടെ ഭാര്യയെ ഫോണില്‍ പോലും വിളിക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. എല്ലാം സിസ്‌റ്റത്തിന്റെ ഇരകളാണ്. റിപ്പോര്‍ട്ട് തേടലല്ലാതെ ഒരു നടപടിയും ആരോഗ്യ വകുപ്പില്‍ ഉണ്ടാകുന്നില്ല. ഇടത് അനുഭാവിയായ ഹാരിസ് ഡോക്‌ടറെ പോലും വേട്ടയാടി. വിളപ്പില്‍ശാല ചികിത്സാപ്പിഴവ്, ഹര്‍ഷിന, പാലക്കാട് കൈ മുറിച്ചു മാറ്റേണ്ടിവന്ന കുട്ടി, മാനന്തവാടിയില്‍ പ്രസവ ശസ്‌ത്രക്രിയ കഴിഞ്ഞ സ്‌ത്രീയുടെ വയറ്റില്‍ തുണി കൂട്ടി തുന്നിയത്, എസ്.എ.ടി. ആശുപത്രിയില്‍ അണുബാധയെത്തുടര്‍ന്നു യുവതി മരിച്ചത്, മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ വേണു മരിച്ച സംഭവം എന്നിവയെല്ലാം സിസ്‌റ്റത്തിന്റെ ഇരകളാണെന്നും വിഷ്‌ണുനാഥ് തുറന്നടിച്ചു.
അഞ്ചു വര്‍ഷം കത്രിക വയറ്റില്‍ ചുമന്നുകൊണ്ടു നടന്ന സ്‌ത്രീയുടെ ചികിത്സ ഏറ്റെടുക്കുക്കാനുള്ള മനസെങ്കിലും ആരോഗ്യമന്ത്രി കാണിക്കണ്ടേയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. മാതൃമരണനിരക്ക് ഓരോ വര്‍ഷവും കൂടിവരികയാണെന്നു മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഒരു ജില്ലാ ജനറല്‍ ആശുപത്രിയിലും ക്രിട്ടിക്കല്‍ കെയര്‍ സംവിധാനമില്ല. സംസ്‌ഥാനത്ത് ആകെയുള്ളത് 50 സൂപ്പര്‍ സ്‌പെഷാലിറ്റി ഡോക്‌ടര്‍മാര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.