-->
ഒരുകാലത്ത് ബോളിവുഡില്‍ ഏറെ തിരക്കുളള നടന്മാരിലൊരാളായിരുന്നു ഇമ്രാന്‍ ഹഷ്മി. ചുംബനരംഗങ്ങളിലൂടെയും ഇരമാന്‍ ഹാഷ്മി പ്രസിദ്ധനായിരുന്നു. ബോളിവുഡിന്റെ ചുംബനവീരന്‍ എന്ന വിളിപ്പേര് പോലും അക്കാലത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ പ്രതിച്ഛായ താന്‍ പരമാവധി ഉപയോഗിച്ചിരുന്നു എന്ന് പറയുകയാണ് താരം. ഹിന്ദുസ്ഥാന്‍ ടൈംസുമായുളള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ചുംബനരംഗമുളള ചിത്രങ്ങളെല്ലാം വലിയ വാണിജ്യവിജയങ്ങളായിരുന്നു. ആ പ്രതിച്ഛായ ഞാനും പരമാവധി ഉയോഗിച്ചു. മാര്‍ക്കറ്റിങ്ങിലൂടെ ഞങ്ങള്‍ അതിനോട് പൊരുത്തപ്പെട്ടു. മാധ്യമങ്ങളും അതില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു.' - ഇമ്രാന്‍ ഹഷ്മി പറഞ്ഞു.
ഒരേതരം വേഷങ്ങളില്‍ തളച്ചിടപ്പെട്ടതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ' ഒരു നടനെന്ന നിലയില്‍ വലിയ പ്രത്യേകതയുളള കാര്യമല്ല ഇത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ അഭിനേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ഇത് സംഭവിച്ചിട്ടുണ്ട്. ജിം കാരി അതിന് ക്ലാസിക് ഉദാഹരണമാണ്. നിങ്ങളെ ഒരു സ്ലോട്ടില്‍ കാണാന്‍ ആളുകളും ഇഷ്ടപ്പെടുന്നു എന്നാണ് ഞാന്‍ കരുതുന്നത്.'- അദ്ദേഹം പറഞ്ഞു.
' ഒരു പതിറ്റാണ്ടോളം അങ്ങനെ തുടര്‍ന്നശേഷം പ്രേക്ഷകര്‍ മാറുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. പത്തോ പതിനാലോ വര്‍ഷം കൂടുമ്പോള്‍ അവര്‍ മാറുമെന്നാണ് പറയപ്പെടുന്നത്. അടുത്ത തലമുറ തിയേറ്ററുകളിലെത്തി. പുതിയ പ്രേക്ഷകരെത്തുമ്പോള്‍ നിങ്ങള്‍ സ്വയം പുനര്‍നിര്‍വചിക്കണം. ഓരോ കഥാപാത്രവും, ഓരോ അച്ചും അതിന്റെ പരിപൂര്‍ണതയിലെത്തുന്നു. അത് പരമാവധി ഉപയോഗിക്കുക എന്നത് മാത്രമാണ് നിങ്ങള്‍ക്ക് ചെയ്യാനുളളത്. ഞാന്‍ അത് ചെയ്തുവെന്ന് തിരിച്ചറിഞ്ഞു. അതിനാല്‍ മാറ്റം എന്നെ സംബന്ധിച്ച് പ്രധാനമായിരുന്നു.'- ഇമ്രാന്‍ ഹഷ്മി തുടര്‍ന്നു.
2003-ല്‍ റിലീസ് ചെയ്ത ഫുട്പാത്ത് എന്ന ചിത്രത്തിലൂടെയാണ് ഇമ്രാന്‍ ഹഷ്മി അഭിനയരംഗത്തേക്ക് കടന്നുവരുന്നതെങ്കിലും അടുത്തവര്‍ഷം ഇറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ചിത്രത്തില്‍ ഇമ്രാന്‍ ഹഷ്മിയും മല്ലികാ ഷെരാവത്തും തമ്മിലുളള ചുംബനരംഗം അന്ന് വലിയ തലക്കെട്ടുകളായിരുന്നു.