-->
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ആശിര്‍വാദത്തോടെ മെേ്രടാമാന്‍ ഇ. ശ്രീധരന്‍ നേരിട്ടിറങ്ങുന്നതോടെ സില്‍വര്‍ ലൈനിനു ബദലായി തിരുവനന്തപുരം-കണ്ണൂര്‍ വേഗപ്പാത യാഥാര്‍ഥ്യമാകാന്‍ സാധ്യത. ശ്രീധരന്‍ നിര്‍ദേശിച്ച ബദല്‍ സംസ്‌ഥാന സര്‍ക്കാര്‍ മുമ്പ് കെ.വി. തോമസ് വഴി കേന്ദ്രത്തിനു മുന്നില്‍ വച്ചിരുന്നതാണ്. അന്നു മറുപടി നല്‍കാതിരുന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇ. ശ്രീധരന്‍ നേരിട്ടു കണ്ടതോടെ പദ്ധതിക്കു ഡി.പി.ആര്‍. തയാറാക്കാന്‍ അനുമതി നല്‍കിയത്.
തിരുവനന്തപുരം-കണ്ണൂര്‍ വേഗപ്പാത, നിലവിലെ പാതയില്‍ ആധുനിക സിഗ്‌നലിങ് സംവിധാനം, നിലമ്പൂര്‍-നഞ്ചന്‍കോട് പാത, ചെങ്ങന്നൂര്‍-പമ്പ എന്നീ നാലു പദ്ധതികളാണ് ശ്രീധരന്‍ കേന്ദ്രമന്ത്രിക്കു മുന്നില്‍ വച്ചത്. ഇതില്‍ സംസ്‌ഥാന സര്‍ക്കാരിനു യോജിപ്പില്ലാത്തത് ചെങ്ങന്നൂര്‍-പമ്പ പദ്ധതിയോടാണ്. പദ്ധതി വേണ്ടെന്നു പറഞ്ഞിട്ടില്ലെങ്കിലും, കേരളത്തിലെ 14 പട്ടണങ്ങള്‍ക്കു യാത്രാസൗകര്യം ലഭിക്കുന്ന അങ്കമാലി-എരുമേലി ശബരി പദ്ധതിക്കാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇതിനായി ഭൂമി കല്ലിട്ടു തിരിച്ചതിന്റെ പേരില്‍ വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്നവരുള്ളതിനാല്‍ ശബരി പാതയുടെ കാര്യത്തില്‍ സംസ്‌ഥാനം വിട്ടുവീഴ്‌ചയ്‌ക്കു തയാറാകില്ല. ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടു പോകാനും കിഫ്‌ബി വഴി ഇതിനു പണം കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.
ശബരി പാത നിര്‍മിച്ച ശേഷം ചെങ്ങന്നൂര്‍-പമ്പ പാത റെയില്‍വേ നിര്‍മിച്ചാലും കുഴപ്പമില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. ചെങ്ങന്നൂര്‍-പമ്പ പാതയുടെ പകുതി ചെലവ് കേരളം വഹിക്കണമെന്നു റെയില്‍വേ കത്തു നല്‍കിയെങ്കിലും കേരളം പ്രതികരിച്ചിട്ടില്ല.
അങ്കമാലി-എരുമേലി പാത 3800 കോടി രൂപയും ചെങ്ങന്നൂര്‍-പമ്പയ്‌ക്ക് ഏകദേശം 7000 കോടി രൂപയുമാണു ചെലവ് പ്രതീക്ഷിക്കുന്നത്.