-->
ചെന്നൈ: വിജയ് ചിത്രം ജന നായകന് തിരിച്ചടി. ചിത്രത്തിന് മദ്രാസ് ഹൈക്കോടതി റിലീസ് അനുമതി നിഷേധിച്ചു. സെന്‍സര്‍ ബോര്‍ഡ് അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഇത്തരവിനു മുന്‍പ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് സാവകാശം നല്‍കിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. സെന്‍സര്‍ ബോര്‍ഡിന്റെ വാദം കൂടി കേട്ട ശേഷം കേസ് സിംഗിള്‍ ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
സിബിഎഫ്‌സി പറഞ്ഞ മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും അകാരണമായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് സിനിമാ നിര്‍മ്മാതാക്കളായ കെ വി എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ അറിയിച്ചത്.
രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്‍ വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകന്‍. എച്ച് വിനോദ് ആണ് സംവിധാനം. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.