-->
തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന് നടന്‍ ചിരഞ്ജീവി. തെലുങ്ക് ഇന്‍ഡസ്ട്രി വളരെ പോസിറ്റീവും പ്രൊഫഷണലുമായ ഇടമാണെന്നും സ്വന്തം കഴിവില്‍ വിശ്വാസവും അര്‍പ്പണവുമുളളവര്‍ക്ക് ടോളിവുഡ് അവസരങ്ങള്‍ നല്‍കാറുണ്ടെന്നും ചിരഞ്ജീവി പറഞ്ഞു. തന്റെ ഏറ്റവും ചിത്രമായ മന ശങ്കര വര പ്രസാദ് ഗാരുവിന്റെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തെലുങ്കിൽ കാസ്റ്റിങ് കൗച്ച് സംസ്‌കാരമില്ല. അത് വ്യക്തികൾക്കനുസരിച്ചിരിക്കും. സിനിമാ മേഖല കണ്ണാടിപോലെയാണ്. നിങ്ങളെന്താണോ അത് പ്രതിഫലിപ്പിക്കുകയാണ് ചെയ്യുക. ഏതുമേഖലയിലും അനിഷ്ടകരമായ സാഹചര്യങ്ങളുണ്ടാകാം. വ്യക്തിപരമായ അതിരുകളും കരിയറിലെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയും വേണം. ധാർമികതയിലും ലക്ഷ്യത്തിലും ഉറച്ചുനിൽക്കുന്ന കലാകാരന്മാർ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. മുഴുവൻ വ്യവസായത്തിനാകെ ഒരുനിറം നൽകാൻ ശ്രമിക്കരുത്', ചിരഞ്ജീവി പറഞ്ഞു.
നേരത്തെ, തെലുങ്കില്‍ കാസ്റ്റിങ് കൗച്ച് അനുഭവമുണ്ടായെന്ന ആരോപണവുമായി വിവിധ നടിമാര്‍ രംഗത്തെത്തിയിരുന്നു. ഒരു വനിതാ കാസ്റ്റിങ് ഏജന്റ് അവസരങ്ങള്‍ക്കായി ' കോംപ്രമൈസ്' ചെയ്യേണ്ടിവരുമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നതായി നടി സൈയാമി ഖേര്‍ ആരോപിച്ചിരുന്നു.സമാന ആരോപണവുമായി ഫാത്തിമ സന ഷെയ്ഖും രംഗത്തെത്തിയിരുന്നു.