-->
തിരുവനന്തപുരം: സംസ്‌ഥാന രാഷ്‌ട്രീയത്തെ പിടിച്ചുലയ്‌ക്കുന്ന വന്‍ നീക്കങ്ങളുമായി ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ തരൂരിനെ ഇടതുപാളയത്തിലെത്തിക്കാന്‍ സി.പി.എം. ഇതിനായി ദുബായില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ വിജയമെന്ന് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ദൂതന്‍ ദുബൈയില്‍ തരൂരുമായി കൂടിക്കാഴ്‌ച നടത്തിയെന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിച്ച് എല്‍.ഡി.എഫുമായി സഹകരിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ നല്‍കാമെന്നാണ് സി.പി.എം വാഗ്‌ദാനം. മുന്നണിയിലെ പ്രധാന ഘടകകക്ഷികള്‍ക്ക് ലഭിക്കുന്ന പരിഗണനയും പദവികളും തരൂരിന്റെ പുതിയ പാര്‍ട്ടിക്ക് നല്‍കാനും ധാരണയായതായി സൂചനയുണ്ട്.
യുവാക്കള്‍ക്കിടയിലും നായര്‍ക്രിസ്‌ത്യന്‍ വോട്ടര്‍മാര്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം വോട്ടാക്കി മാറ്റാനാണ് സി.പി.എം ലക്ഷ്യം. ദുബൈയില്‍നിന്ന് തിരിച്ചെത്തിയശേഷം അടുത്ത അനുയായികളുമായി ചര്‍ച്ച നടത്തി തരൂര്‍ അന്തിമ തീരുമാനമെടുക്കും. തരൂരിന്റെ ഈ നീക്കം യു.ഡി.എഫിന്റെ അടിത്തറ തകര്‍ക്കുമെന്ന പ്രത്യാശയിലാണ് ഇടതുമുന്നണി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രതിനിധി തരൂരുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ദുബായിലേക്ക് തരൂര്‍ പോയത്.
അതിനിടെ തരൂരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. പ്രിയങ്കാ ഗാന്ധി നേരിട്ട് തരൂരിനെ വിളിക്കുമെന്നും സൂചനയുണ്ട്. ഇന്ന് രാത്രി തരൂര്‍ കേരളത്തില്‍ മടങ്ങിയെത്തും. നാളെ നടക്കുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ തരൂര്‍ പങ്കെടുക്കില്ലെന്നും സൂചനകളുണ്ട്.
എസ്. നാരായണന്‍