-->
തിരുവനന്തപുരം: മൂന്നാം വട്ട ഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ ബജറ്റാകും 29 നു മന്ത്രി കെ. എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക. ക്ഷേമ പെന്‍ഷന്‍ വര്‍ധനയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ഡി.എ കുടിശിക വിതരണവും അടക്കമുള്ളവ ബജറ്റിലുണ്ടാകും.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരമുള്ള അഷ്വേഡ് പെന്‍ഷന്‍ പദ്ധതി പണിപ്പുരയിലാണ്. മൂന്നാം വട്ടവും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ കഴിയുന്നത്ര ജനകീയ പ്രഖ്യാപനങ്ങള്‍ നടത്താനാണു മന്ത്രി ബാലഗോപാല്‍ ഒരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് സര്‍ക്കാര്‍ നടത്തിയ ആനുകൂല്യ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച ഗുണമുണ്ടാക്കിയില്ലെങ്കിലും സമാന പ്രഖ്യാപനങ്ങള്‍ ബജറ്റിലും ആവര്‍ത്തിക്കും.
കമ്മിഷനെ നിയോഗിക്കാതെ തന്നെ ശമ്പള പരിഷ്‌കരണത്തിനു സര്‍ക്കാര്‍ ബജറ്റില്‍ തുക മാറ്റും. കമ്മിഷനു പകരം കമ്മിറ്റിയെ വച്ച് ആഴ്‌ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് വാങ്ങി പുതുക്കിയ ശമ്പളം മാര്‍ച്ച് മുതല്‍ നല്‍കാനാണ് ആലോചന. നിശ്‌ചിത ശതമാനം ശമ്പളവര്‍ധന ഫോര്‍മുലയടക്കം പ്രഖ്യാപിക്കുന്ന കാര്യവും പരിഗണനയിലാണ്. രണ്ട് ഗഡുക്കളായി 6% ഡി.എ കുടിശിക ബജറ്റില്‍ പ്രഖ്യാപിച്ച ശേഷം ബാക്കി ഡി.എ അടിസ്‌ഥാന ശമ്പളത്തില്‍ ലയിപ്പിക്കാനാണു സാധ്യത.
10 മുതല്‍ 15% വരെ ശമ്പളവര്‍ധനയാണു പ്രതീക്ഷിക്കുന്നത്. ശമ്പളത്തിന്റെ പകുതിയെങ്കിലും പെന്‍ഷന്‍ തുക ഉറപ്പാക്കുന്ന അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയാണ് മറ്റൊരു ആകര്‍ഷണം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു കീഴിലുള്ള 2 ലക്ഷത്തിലേറെ ജീവനക്കാര്‍ ഇതുവരെ പെന്‍ഷന്‍ ഫണ്ടിലേക്ക് അടച്ച വിഹിതം തിരികെ ലഭിക്കുന്ന കാര്യത്തില്‍ ഒരു ഉറപ്പും കേന്ദ്രത്തില്‍നിന്നു സര്‍ക്കാരിനു ലഭിച്ചിട്ടില്ല. അതിനാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചാലും പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്കു മാറുക എളുപ്പമല്ല.
ഇപ്പോള്‍ നല്‍കുന്ന 2,000 രൂപ ക്ഷേമ പെന്‍ഷന്‍ 2,500 രൂപ മുതല്‍ 3,000 രൂപ വരെയാക്കാന്‍ ഇടയുണ്ടെങ്കിലും ഓരോ വര്‍ഷവും നിശ്‌ചിത തുക വീതമുള്ള വര്‍ധനയാണ് പരിഗണനയില്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചെങ്കിലും ഇത് കൃത്യമായി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു മാസം മുന്‍പാണു കുടിശിക വിതരണം പൂര്‍ത്തിയാക്കാനായത്.
ജി. അരുണ്‍