-->
സുനിത വില്ല്യംസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ പല സ്ത്രീകൾക്കും ഒരു പ്രചോദനമാണ്. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതയ്ക്ക് നാസയിൽ 27 വർഷം നീണ്ട ഐതിഹാസിക സേവനമാണുള്ളത്. ഇക്കഴിഞ്ഞ ദിവസമാണ് സുനിത വില്ല്യംസ് നാസയില്‍ നിന്നും വിരമിച്ചത്.
ഇപ്പോഴിതാ ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമിക്ക് അതിരുകളില്ലെന്നും, മനുഷ്യരെല്ലാം ഒരൊറ്റ ഗ്രഹത്തില്‍ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും പറയുകയാണ് സുനിത വില്ല്യംസ്.
മനുഷ്യർ എന്തിനാണ് തമ്മില്‍ കലഹിക്കുന്നതെന്നും പരസ്പരം എതിർക്കുന്നതെന്നും ആലോചിക്കുമ്പോള്‍ പ്രയാസം തോന്നുന്നുവെന്നും സുനിത പറഞ്ഞു.
"യഥാർഥത്തില്‍, അവിടെനിന്നുള്ള കാഴ്ച ഇപ്പോഴും എന്റെ മനസില്‍ പതിഞ്ഞുകിടക്കുകയാണ്. നിങ്ങള്‍ അവിടെ നിന്ന് നോക്കുകയാണെങ്കില്‍ രാജ്യങ്ങളെ കാണാനാകില്ല, അതിർ വരമ്പുകള്‍ കാണാനാകില്ല, മറിച്ച് നമ്മളെല്ലാം താമസിക്കുന്ന ഒരേ ഒരു ഇടം മാത്രമേ കാണാൻ കഴിയുകയുള്ളൂ...
അവിടെ മനുഷ്യർ ഉണ്ട്, മുഗങ്ങള്‍ ഉണ്ട്, സസ്യങ്ങളും സമുദ്രത്തിലെ മത്സ്യങ്ങളുമുണ്ട്. നമ്മളെല്ലാം ശ്വസിക്കുന്ന വായു ഒന്നാണ്, കുടിക്കുന്ന വെള്ളം ഒന്നാണ്. നമ്മളെല്ലാം ഒരേ ഗ്രഹത്തില്‍ പിറന്നവരാണ്. നമ്മള്‍ ഈ ഭൂമിയില്‍ സഹവർത്തിത്വത്തോടെ കഴിയേണ്ടവരാണ്. പിന്നെ എന്തിനാണ് നാം അതിർ വരമ്പുകള്‍ സൃഷ്ടിക്കുന്നത്? എന്തിനാണ് നാം പരസ്പരം കലഹിക്കുന്നത്? ഇതെല്ലാം ആലോചിക്കുമ്പോള്‍ പ്രയാസം തോന്നുകയാണ്..." സുനിത വില്ല്യംസ് പറഞ്ഞു. തന്റെ ബഹിരാകാശ അനുഭവങ്ങള്‍ പങ്കുവെച്ച സുനിത വില്യംസിന്റെ വാക്കുകൾ കാണികളെല്ലാം നിറഞ്ഞ കൈയടിയോടെയാണ് കേട്ടത്. നാസയിൽ നിന്ന് വിരമിച്ച ശേഷമുള്ള സുനിതയുടെ ആദ്യ പൊതുപരിപാടിയായ കോഴിക്കോട് സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സുനിത വില്ല്യംസ്.
കെ.എല്‍.എഫ്. ഉദ്ഘാടനകർമ്മം കേരള ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും സുനിത വില്യംസും ചേർന്ന് ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. സുനിത വില്യംസ് സുരക്ഷിതയായി ഭൂമിയില്‍ തിരിച്ചെത്താൻ പലരും പ്രാർത്ഥിച്ചിരുന്നെന്നും, എന്നാല്‍ നേരിട്ട് കോഴിക്കോടെത്തുമെന്ന് കരുതിയില്ലെന്നും നടൻ പ്രകാശ് രാജ് വേദിയില്‍ തമാശരൂപേണ പറഞ്ഞു.
ചലച്ചിത്രതാരങ്ങളായ ഭാവന, പ്രകാശ് രാജ്, സാഹിത്യകാരന്മാരായ സച്ചിദാനന്ദൻ, എം. മുകുന്ദൻ, ഐ.എ.എസ്. ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർ തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറുകളെത്തുടർന്ന് മാസങ്ങളോളം ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വന്ന സുനിത വില്യംസ്, അടുത്തിടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയത്. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി എന്ന നിലയില്‍ ഈ കാലയളവില്‍ ലോകശ്രദ്ധ നേടി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസങ്ങള്‍ ബഹിരാകാശത്ത് ചിലവഴിച്ച സുനിത, ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ നാസ സഞ്ചാരിയാണ്. 62 മണിക്കൂറിലധികം നീണ്ട ഒൻപത് സ്പേസ് വാക്കുകളിലൂടെ ഏറ്റവും കൂടുതല്‍ സ്പേസ് വാക്ക് നടത്തിയ വനിത എന്ന ലോക റെക്കോർഡും അവർ സ്വന്തമാക്കി. ബഹിരാകാശത്ത് വെച്ച് മാരത്തണ്‍ പൂർത്തിയാക്കിയ ആദ്യ വ്യക്തി കൂടിയാണിവർ.