Friday, March 13, 2026 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.12 AM

ദീപക് എന്ന വ്യക്തിയോടൊപ്പം തന്നെയാണ്, എന്നാലും ഇത് പറയാതിരിക്കാന്‍ വയ്യ; വീഡിയോയുമായി മസ്താനി

masthani-

ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി അവതാരകയും റിയാലിറ്റി ഷോ താരവുമായ മസ്താനി. ദീപക്കിന്റെ മരണം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും താന്‍ ദീപക്കിനൊപ്പമാണെന്നും വ്യക്തമാക്കിയ മസ്താനി ഈ സംഭവത്തിന്റെ പേരില്‍ സ്ത്രീസമൂഹത്തെ ഒന്നടങ്കം ക്രൂശിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചു. ഒരു ഷിംജിതയോ അക്‌സയോ വരുമ്പോള്‍ ഇത്രത്തോളം ഭയക്കുന്നുണ്ടെങ്കില്‍ ആയിരം ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ സ്ത്രീകള്‍ എന്തുചെയ്യണം? എന്ന മസ്താനയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ യുവതിയെ താന്‍ ഒരുതരത്തിലും പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ താരം, കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുറന്നുകാട്ടി. പുരുഷന്മാരാല്‍ പലയിടങ്ങളിലും ചൂഷണം ചെയ്യപ്പെടുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ കഥകള്‍ ആരും വാര്‍ത്തയാക്കാറില്ലെന്നും അപ്പോഴൊന്നും പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണെന്ന് ആരും മുദ്രകുത്തിയിട്ടില്ലെന്നും മസ്താനി ഓര്‍മ്മിപ്പിച്ചു. എല്ലാ സ്ത്രീകളും ഷിംജിതമാരല്ലെന്നും ഒരുവ്യക്തിയുടെ തെറ്റായ പ്രവൃത്തിയെ പൊതുവല്‍ക്കരിച്ച് സ്ത്രീകളെ ഭയത്തോടെ കാണുന്ന രീതി മാറണമെന്നും താരം തന്റെ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.

‘ഞാന്‍ സമകാലിക വിഷയങ്ങളില്‍ സ്ഥിരമായി പ്രതികരിക്കുന്ന വ്യക്തിയല്ല. പക്ഷേ ഈയൊരു വിഷയത്തില്‍ നിങ്ങളുമായി സംസാരിക്കണമെന്ന് തോന്നി. ദീപക്കിന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അതിന് കാരണക്കാരിയായ ഷിംജിതയെ ഒരിക്കലും പിന്തുണയ്ക്കില്ല. പക്ഷേ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകളും മറ്റ് പ്രതികരണങ്ങളുമെളെല്ലാം സ്തീകള്‍ക്ക് എതിരാണ് എല്ലാ സ്ത്രീകളും ഇങ്ങനെയാണ്. എല്ലാ സ്ത്രീകളെയും ഞങ്ങള്‍ക്ക് പേടിയാണ്, സ്ത്രീകളുടെ കൂടെ ഞങ്ങള്‍ യാത്ര ചെയ്യില്ല എന്നൊക്കെ. അത് കണ്ടപ്പോഴാണ് ഞാന്‍ ചിന്തിച്ചത്. ഒരുപാട് സ്ത്രീകള്‍ പലരീതിയിലും ചൂഷണങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. പീഡനങ്ങള്‍ അനുഭവിച്ച് മരണപ്പെട്ടിട്ടുണ്ട്. ഞങ്ങളാരും വന്നിട്ട് പറഞ്ഞിട്ടില്ല നിങ്ങള്‍ പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണെന്ന്.

നിങ്ങളുടെ വീട്ടിലെ ഓരോ സ്ത്രീകള്‍ക്കും അവര്‍ ഇന്നുവരെ ജീവിച്ച ജീവിതത്തിനിടയില്‍ ഏതെങ്കിലും ഒരുനിമിഷത്തില്‍ അവര്‍ അനുഭവിച്ച ചൂഷണത്തിന്റെ ഒരു കഥയെങ്കിലും പറയാനുണ്ടാകും. ഒരു പുരുഷനില്‍ നിന്ന് പൊതുസ്ഥലങ്ങളില്‍ , സ്‌കൂളില്‍, ബസില്‍, ഇടവഴികളില്‍, മദ്രസകളില്‍, ട്യൂഷന്‍ക്ലാസില്‍, സ്വന്തം വീട്ടില്‍ നിന്ന്, ബന്ധുക്കള്‍ക്കിടയില്‍ നിന്ന് അങ്ങനെ പലസ്ഥലങ്ങളില്‍ നിന്നും സ്ത്രീകള്‍ പുരുഷന്മാരാല്‍ അനുഭവിക്കപ്പെട്ട ഒരുപാട് ചൂഷണങ്ങളുണ്ട്. അപ്പോഴൊന്നും ആരും ഷിംജിത ചെയ്തത് പോലെ വീഡിയോ ഇറക്കാനോ അല്ലെങ്കില്‍ ഞങ്ങളെല്ലാം പുരുഷന്മാരെ പേടിച്ച് നില്‍ക്കുകയാണെന്നോ എവിടെയും വന്ന് പറഞ്ഞിട്ടില്ല. ഇത്തരം വീഡിയോ കാണുമ്പോള്‍ എന്തോ പോലെ തോന്നുന്നു.

ഈ സംഭവം നടക്കുന്നതിന് കുറച്ച് ദിവസം മാത്രം മുന്‍പാണ് 14 വയസുളള ഒരു പെണ്‍കുട്ടി അവള്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച ആളില്‍ നിന്ന് പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടത്. അതുമായി ബന്ധപ്പെട്ട് വന്ന പോസ്റ്റുകള്‍ക്ക് താഴെ വന്ന കമന്റ്‌സ് , സോറി, ആര്‍ഐപി സിസ്റ്റര്‍ എന്നൊക്കെയായിരുന്നു. അതും പറഞ്ഞ് ആ സംഭവത്തെ മറന്നുകളയും. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതും കൊല ചെയ്യപ്പെടുന്നതും സാധാരണസംഭവമായാണോ കാണുന്നത്? ഷിംജിതയുടെ കേസിലെപ്പോലൊരു പ്രതിഷേധമോ ഒറ്റക്കെട്ടായുളള പ്രതികരണമോ കാണാറില്ല. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ദീപക്കിന് സംഭവിച്ചത്. എന്നിരുന്നാലും എല്ലാ സ്ത്രീകളും ഒരുപോലല്ല, എല്ലാവരും ഷിംജിതമാരല്ല.

ദീപക് എന്ന വ്യക്തിയോടൊപ്പം തന്നെ ആണ് . എന്നാലും ഇത് പറയാതെ ഇരിക്കാന്‍ വയ്യ . എല്ലാ സ്ത്രീകളും ഷംജിതമാര്‍ അല്ല . സാവാദ് എന്നൊരുത്തന്‍ ഉണ്ടായിരുന്നു . സവാദിനെ പോലെ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ ഈ ബസില്‍ കയറരുത് എന്ന ബോര്‍ഡ് എവിടെയും കണ്ടിട്ടില്ല . ഒരു ഷംജിതയോ അക്‌സ കെ റെജിയോ വരുമ്പോ ഇത്രത്തോളം പേടിക്കുന്നുണ്ടെങ്കില്‍, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്ത് ചെയ്യണം ?’ മസ്താനി യുടെ വാക്കുകള്‍.

Ads by Google
Friday 23 Jan 2026 09.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW