-->
തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ശബരിമല സ്വര്‍ണക്കൊള്ളയില്‍ നേരിട്ട് പങ്കുണ്ടെന്നും സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണസംഘം. ദ്വാരപാലക ശില്‍പ കേസിലും, കട്ടിളപ്പാളി കേസിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ട് എന്നതിന് തെളിവുകളും മൊഴിയും എസ്ഐടിക്ക് ലഭിച്ചു. ഇന്നലെ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് തന്ത്രി കുടുങ്ങിയത്.
ഇതുവരെ തന്ത്രിയുമായി ബന്ധപ്പെട്ട് ശേഖരിച്ച മുഴുവന്‍ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെയാണ് തന്ത്രിയെ എസ്ഐടിക്ക് കസ്റ്റഡിയില്‍ ലഭിച്ചത്. തന്ത്രിയുടെ മൊഴിയില്‍ തുടരന്വേഷണം നടത്തും. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ അടക്കം മൊഴി തന്ത്രിക്ക് എതിരാണ്. സ്മര്‍ട്ട് ക്രീയേഷന്‍സുമായി തന്ത്രിക്കുള്ള ബന്ധവും സംസ്ഥാനത്തിന് പുറത്ത് തന്ത്രി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള കാര്യവുമാണ് എസ്‌ഐടിയുടെ കണ്ടെത്തലിലുള്ളത്.
ഗൂഢാലോചനയുടെ എല്ലാ ഘട്ടങ്ങളിലും തന്ത്രി പങ്കെടുത്തിരുന്നു എന്ന് വ്യക്തമാക്കുന്ന ചില മൊഴികളും കിട്ടിയിട്ടുണ്ട്. ഇതിന് പുറമേ ബാങ്ക് വിവരങ്ങ ളുമടക്കമുള്ള കാര്യങ്ങളും ഇതിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നീ മൂന്നു പേരുമായും തന്ത്രിക്ക് ബന്ധമുണ്ടെന്ന് എസ്ഐടി സ്ഥിരീകരിക്കുന്നുണ്ട്. അതിനിടെ കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.
റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ജാമ്യഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ജാമ്യം ലഭിച്ചാല്‍ കേസില്‍ ജയില്‍ മോചിതനാകുന്ന ആദ്യയാളാകും മുരാരി ബാബു.