-->
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരമാണ് ഷാനവാസ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലെ രുദ്രന്‍ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ഷാനവാസ് മത്സരാര്‍ത്ഥിയായി എത്തിയപ്പോഴും പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. വലിയ ഹേറ്റേഴ്സിനെ സൃഷ്ടിക്കാതെ സെക്കൻഡ് റണ്ണർ അപ്പ് എന്ന നേട്ടം സ്വന്തമാക്കിയാണ് ബിഗ്ബോസില്‍ നിന്നും ഷാനവാസ് പടിയിറങ്ങിയത്. അതോടെ താരത്തിനോടുള്ള പ്രേക്ഷകരുടെ സ്നേഹവും ഇരട്ടിയായി.
ഇപ്പോഴിതാ താൻ അഭിനയിച്ച കുങ്കുമപ്പൂവ് എന്ന സീരിയല്‍ കണ്ട് ഒരു യുവതി ഡിവോഴ്‍സില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് പറയുകയാണ് ഷാനവാസ്. സീരിയല്‍ കണ്ട് ഒരു സ്ത്രീ വിവാഹമോചനമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്നും, അത് ഒരുപാട് സന്തോഷമുണ്ടാക്കിയെന്നുമാണ് താരം പറയുന്നത്.
‘‘ആലുവ സ്വദേശിനിയായ ഒരു കുട്ടി എന്റെ നമ്പർ എങ്ങനെയോ കണ്ടെത്തി വിളിച്ചു. ഡിവോഴ്സിന്റെ വക്കില്‍ നില്‍ക്കുകയായിരുന്നു ആ കുട്ടിയും ഭർത്താവും. ഭർത്താവ് ഈ കുട്ടിയെ വിളിക്കുകയും ഡിവോഴ്സ് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പെണ്‍കുട്ടിക്ക് ആ ബന്ധം മുൻപോട്ട് കൊണ്ടുപോകേണ്ട എന്നായിരുന്നു. എന്നാല്‍ നമ്മുടെ സീരിയല്‍ കണ്ടിട്ട് പ്രണയിക്കണം എന്നെല്ലാം തോന്നി ആ കുട്ടി ഭർത്താവിനെ അങ്ങോട്ട് വിളിച്ച് പ്രശ്‍നമെല്ലാം പരിഹരിച്ചു. ഈ കാര്യമൊക്കെ പറഞ്ഞ് എന്നെ ഇങ്ങോട്ട് വിളിച്ച് കരഞ്ഞ് നന്ദിയൊക്കെ പറഞ്ഞു...
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലെ രുദ്രൻ എന്ന കഥാപാത്രമാണ് എന്റെ കരിയറില്‍ വഴിത്തിരിവായത്. ഇപ്പോ കാണുമ്പോള്‍ ആ റോള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. അതുപോലെ, സീത എന്ന സീരിയല്‍ യൂട്യൂബില്‍ വന്നാല്‍ ട്രെൻഡിങ്ങില്‍ നമ്പർ വണ്‍ ആയിരിക്കും. ഹിന്ദി സീരിയലെല്ലാം കാണുന്ന യുവാക്കള്‍ ഈ പരമ്പര കാണുന്നുണ്ട് എന്ന് അതിന്റെ കമന്റ് ബോക്സ് നോക്കിയാല്‍ മനസിലാവും...’’ ഷാനവാസ് പറഞ്ഞു. മസ്‍താനിയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.