-->
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടി നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ കൊടുങ്ങല്ലൂരില്‍ ഗൃഹസമ്പർക്ക പരിപാടിക്കിടെ, താൻ ഭക്ഷണം കഴിച്ച പാത്രം ആ വീട്ടിലെ അടുക്കളയില്‍പോയി സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി കഴുകി ഭക്ഷണം കഴിച്ച പാത്രം കഴുകിവെയ്ക്കുന്നതിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെയ്ക്കുന്ന എം.എ ബേബിയുടെ ഈ ചിത്രം വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്.
ഈ ചിത്രം വൈറലായതോടെ അഭിപ്രായങ്ങളും പരിഹാസങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പാത്രം സ്വയം കഴുകുന്നത് നല്ല ശീലമാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ ഇതിനെ പരിഹസിച്ച് കമന്റുകള്‍ കുറിക്കുന്നവരുമുണ്ട്. ഇതിനകം നിരവധി പേരാണ് ചിത്രത്തെ വിമര്‍ശിച്ചും അഭിനന്ദിച്ചും രംഗത്തുവരുന്നത്.
ഇപ്പോഴിതാ സി.പി.ഐ എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത്തരം ട്രോളുകള്‍ക്ക് പിന്നില്‍ ചിലരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡല്‍ മനോഭാവവുമാണെന്ന് മന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിന്റെ പേജും പങ്കുവച്ചാണ് മന്ത്രിയുടെ കുറിപ്പ്.
ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയും ശീലവുമാണെന്നും അത് ഡല്‍ഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും പിന്തുടരുന്ന ഒന്നാണെന്നും മന്ത്രി കുറിച്ചു. എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകുന്നത് എം.എ. ബേബിക്ക് പണ്ടേയുള്ള ശീലമാണെന്നും പാത്രം കഴുകുക മാത്രമല്ല, നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്ന് ബേബിയെ അടുത്തറിയുന്നവർക്ക് വ്യക്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‘‘ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് ‘മോശമാണെന്ന്’ കരുതുന്നവർ ഒന്നാം ക്ലാസ്സിലെ ഈ പാഠമൊന്ന് വായിക്കണം...മറുപടി പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് നൽകുന്ന പാഠപുസ്തകത്തിൽ തന്നെയുണ്ട്. അച്ഛനും അമ്മയും കുട്ടികളും ചേർന്ന് വീട് വൃത്തിയാക്കുന്ന പാഠഭാഗമാണിത്. ‘ടോയ്ലറ്റ് ഞാൻ തന്നെ വൃത്തിയാക്കാം’ എന്ന് പറയുന്ന അച്ഛനെയും, മുറ്റം അടിച്ചുവാരുന്ന കുട്ടിയെയും ഇവിടെ കാണാം.
‘അച്ഛൻ മുറ്റമടിച്ചാലും, അമ്മ മുറ്റമടിച്ചാലും... ചൂല് പിണങ്ങില്ല’ അതുപോലെ, ആര് കഴുകിയാലും ‘പ്ലേറ്റ് പിണങ്ങില്ല’ എന്ന വലിയ പാഠമാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്. വീട്ടുജോലികൾക്ക് ലിംഗഭേദമില്ലെന്നും, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് അഭിമാനകരമാണെന്നും നമ്മുടെ കുട്ടികൾ പഠിച്ചു വളരുകയാണ്. തൊഴിലിന്റെ മഹത്വവും തുല്യതയും പാഠപുസ്തകങ്ങളിലൂടെ പകർന്നു നൽകുന്ന കേരളത്തിലെ വിദ്യാഭ്യാസ മാതൃകയെ നോക്കി കൊഞ്ഞനം കുത്തുന്നവർ, ചുരുങ്ങിയത് ഒന്നാം ക്ലാസ്സിലെ ഈ പാഠമെങ്കിലും ഒന്ന് വായിച്ചുനോക്കുന്നത് നന്നായിരിക്കും.
വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മുൻപിൽ പകച്ചുനിൽക്കാനല്ല, മറിച്ച് ശരിയായ ബോധം പകർന്നു നൽകി മുന്നോട്ട് പോകാനാണ് ഈ നാട് ശീലിച്ചിട്ടുള്ളത്...’’ എന്നാണ് വി.ശിവന്‍കുട്ടി കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിനു താഴെയും വിമര്‍ശനങ്ങളും അനൂകൂല കമന്റുകളും നിറയുന്നുണ്ട്.
‘‘ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. ആ പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണ്. ബേബി സഖാവിനെ അടുത്തറിയുന്നവർക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.
തുണികഴുകൽ, പാചകം, വീട് വൃത്തിയാക്കൽ, കക്കൂസ് കഴുകൽ തുടങ്ങിയ ജോലികൾ 'മോശപ്പെട്ട' പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കിൽ സമൂഹത്തിലെ താഴെക്കിടയിലുള്ളവർ എന്ന് ഒരു വിഭാഗത്താൽ വിളിക്കപ്പെടുന്നവരോ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവർ ഇന്നും നമുക്കിടയിലുണ്ട്. പുരുഷന്മാർ ഇതൊന്നും ചെയ്യാൻ പാടില്ലെന്നുള്ള പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക്, ഒരാൾ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോൾ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടർക്ക് ഇല്ലാതെ പോയി.
ഈ അവസരത്തിൽ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, മറിച്ച് അതൊരു വലിയ ഗുണമാണ്. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യാനും, ആൺകുട്ടികൾ പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ്, ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്ത ഒരു പുതിയ തലമുറയായി നിങ്ങൾ വളർന്നുവരണം. ജീർണ്ണിച്ച ചിന്താഗതികളെ അവഗണിച്ചുകൊണ്ട്, അധ്വാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാം...’’ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കുറിച്ചിരിക്കുന്നത്.
കൊടുങ്ങല്ലൂരിലെ വിവിധ വീടുകളില്‍ സന്ദർശനം നടത്തിയ ബേബി, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയത് പാർട്ടി നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ നൗഷാദ് കറുകപ്പാടത്തിന്റെ അഴീക്കോട്ടെ വീട്ടിലായിരുന്നു. ചോറും മത്തിക്കറിയും കഴിച്ചു ശേഷം പാത്രം അടുക്കളയില്‍ പോയി സ്വയം കഴുകി വൃത്തിയാക്കുകയായിരുന്നു എം.എ ബേബി. പാർട്ടി പ്രവർത്തകൻ എടുത്ത ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.
‘ഞങ്ങള്‍ കഴുകാമെ’ന്ന് നൗഷാദിന്റെ ഭാര്യ റഹ്മത്ത് പറഞ്ഞപ്പോള്‍, ‘ഒരു ദിവസത്തേക്ക് തന്റെ ശീലം മാറ്റേണ്ടതില്ലല്ലോ’ എന്നായിരുന്നു ബേബിയുടെ മറുപടി. പാത്രം കഴുകുമ്പോള്‍ തന്റെ കുടുംബവിശേഷങ്ങളും റഹ്മത്തുമായി ബേബി പങ്കുവച്ചു.
അതേസമയം കഴിച്ച തിരഞ്ഞെടുപ്പ് അടുത്തതോടെ അടുക്കളപ്പണികള്‍ മുതല്‍ എന്തും ചെയ്യാൻ നേതാക്കള്‍ രംഗത്ത് വരികയാണെന്നാണ് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം. എന്നാല്‍ ചെറുപ്പം മുതല്‍ക്കേ കഴിച്ച പാത്രം കഴുകിവയ്ക്കുക ശീലമാണെന്നും ഇന്നും അത് പാലിക്കുന്നുവെന്നും എം.എ. ബേബി പറഞ്ഞു. എല്ലാ സി.പി.എം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം.വി. ജയരാജനും പ്രതികരിച്ചു.