Saturday, March 14, 2026 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 09.44 AM

കണ്ടന്റാക്കിയത് തെറ്റ്, പക്ഷേ ഒരു പൊതുവിടവും അത്ര നിഷ്‌ക്കളങ്കമല്ല; കുറിപ്പുമായി ശ്രുതി ശരണ്യം

shruti-sharanaym
photo-www.facebook.com/shruti.namboodiri.9

സമൂഹമാധ്യമാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ പോരാട്ടങ്ങളെയും അതിജീവനത്തെയും കുറിച്ച് ഗൗരവമായ നിരീക്ഷണങ്ങളുമായി സംവിധായക ശ്രുതി ശരണ്യം. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുളള തുറന്നുപറച്ചിലുകളെ ഒന്നടങ്കം പരിഹസിക്കുന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറുന്നതിനെതിരെയാണ് ശ്രുതി രംഗത്തെത്തിയിരിക്കുന്നത്.

കാലങ്ങളായുളള പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകള്‍ തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ തുറന്നുപറയാനുളള ആര്‍ജവം നേടിയെടുത്തതെന്നും എന്നാല്‍ ഒരു പ്രത്യേക സംഭവത്തിന്റെ പേരില്‍ ഈ പോരാട്ടങ്ങളെയാകെ റദ്ദ് ചെയ്യാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ബസ്സിലെ സംഭവത്തില്‍ അത് സോഷ്യല്‍ മീഡിയ കണ്ടന്റ് ആക്കി മാറ്റിയതിലെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ തന്നെ, അത് സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിക്കാനുളള ലൈസന്‍സ് അല്ലെന്ന് ശ്രുതി ഓര്‍മിപ്പിക്കുന്നു.

‘എത്രയോ കാലങ്ങൾ പൊരുതിയാണ് ഓരോ സ്ത്രീയും അവർ പൊതുവിടങ്ങളിലും സ്വകാര്യ ഇടങ്ങളിലുമൊക്കെയായി അനുഭവിച്ച അബ്യൂസുകളും വയലേഷനുകളുമൊക്കെ തുറന്നു പറയാൻ തുടങ്ങിയത്. ഇപ്പൊഴും ഭയംകൊണ്ടു മിണ്ടാതിരിക്കുന്ന എത്രയോ സ്ത്രീകൾ നമുക്കിടയിലുണ്ട്. ആ സ്പേസിലേക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളം മുഴുവൻ ചർച്ച ചെയ്ത ബസ്സിലെ സംഭവവും ഇടംപിടിക്കുന്നത്. ഇത്തരം ഒരു വയലേഷന് ദൃക്സാക്ഷിയായ (വയലേഷൻ നടന്നിട്ടുണ്ടെന്ന് അവർക്കുറപ്പുണ്ടെങ്കിൽ) ആ സ്ത്രീ ചെയ്യേണ്ടിയിരുന്നത് അവരുടെ പക്കലുള്ള തെളിവുകൾ നാട്ടിലെ നിയമപരിപാലകരിലേക്ക് എത്തിക്കുക എന്നതായിരുന്നു. അവർ അത് സോഷ്യൽമീഡിയ കണ്ടൻ്റാക്കിയത് വലിയ തെറ്റുതന്നെയാണ്. പക്ഷേ, അതൊന്നുംതന്നെ തങ്ങൾക്കെതിരെയുള്ള വയലൻസിനെ ചെറുക്കാൻ സ്ത്രീകൾ ഇക്കാലമത്രയും നടത്തിയ പോരാട്ടങ്ങളെ റദ്ദുചെയ്യാനുള്ള കാരണങ്ങളല്ല.

എൻ്റെയനുഭവത്തിൽ തിരക്കുള്ള ബസ്സും ട്രെയിനും ഉൾപ്പെടെ ഒരു പൊതുവിടവും അത്ര നിഷ്കളങ്കമല്ല. ഞാനിതെഴുതാനെടുത്ത ഈ ചെറിയ ഇടവേളയിൽപോലും കേരളത്തിൻ്റെ അങ്ങോളമിങ്ങോളും എണ്ണമറ്റ പെണ്ണുങ്ങൾ ചെറുതും വലുതുമായ വയലേഷനുകൾക്ക് ഇരയാകുന്നുണ്ടാവുമെന്നെനിയ്ക്ക് ഉറപ്പാണ്. അതുകൊണ്ട്, ഈയൊരു സംഭവത്തിൻ്റെ വെളിച്ചത്തിൽ വയലേഷനുകൾ തുറന്നുപറയുന്ന സ്ത്രീകളെ ഒന്നടങ്കം കാടടച്ച് അധിക്ഷേപിച്ച്, പുറത്തുപറയാനുള്ള പേടിയെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന പരിപാടി പൊതുസമൂഹം ചെയ്യരുതെന്നാവർത്തിക്കുന്നു. നവജാതശിശുക്കളെ വരെ വെറുതെ വിടാത്ത പ്രെഡെറ്ററുകൾ വിഹരിക്കുന്ന നാടാണ് നമ്മുടെയെന്നോർക്കണം’ ശ്രുതി ശരണ്യം കുറിച്ചു.

Ads by Google
Wednesday 21 Jan 2026 09.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW