-->
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന സംശയം ബലപ്പെടുത്തുന്നതാണു വി.എസ്.എസ്.സിയില്‍നിന്നുള്ള വിദഗ്‌ധപരിശോധനാ റിപ്പോര്‍ട്ടെന്നു ഹൈക്കോടതി. ഇക്കാര്യം സ്‌ഥിരീകരിക്കാന്‍ പരിശോധന നടത്തിയ ഉദ്യോഗസ്‌ഥരുടെ വിശദമായ മൊഴിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. പാളികള്‍ പുതിയതാണോ പഴയതാണോ എന്നറിയാന്‍ ഇന്നു വീണ്ടും പരിശോധന നടത്താന്‍ എസ്.ഐ.ടിക്കും അനുമതി നല്‍കി.
എത്ര സ്വര്‍ണം പൂശിയിരുന്നു എന്നു വ്യക്‌തമാക്കുന്നതിനായി നിലവില്‍ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് വാതിലുകളുടെ വിസ്‌തീര്‍ണം പരിശോധിക്കാനാണ് അനുമതി. വാതില്‍പാളിയടക്കം അളക്കുകയും പരിശോധിക്കുകയും ചെയ്യാം.
പഴയ വാതിലും പരിശോധിക്കണം. വി.എസ്.എസ്.സിയുടെ പരിശോധന റിപ്പോര്‍ട്ട് സാങ്കേതിക സ്വഭാവമുള്ളതാണ്. വിഷയത്തില്‍ കൂടുതല്‍ വ്യക്‌തത വരണം. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ അസ്വസ്‌ഥതയുളവാക്കുന്ന കാര്യങ്ങളാണ് കാണുന്നതെന്നും അതിനാല്‍, കൂടുതല്‍ ആഴത്തിലുള്ളതും സമഗ്രവും വിശദവുമായ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്‌തമാക്കി. ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടവരുടെ മുന്‍കൈയിലാണ് സംഘടിതമായ കൊള്ള നടന്നിരിക്കുന്നതെന്ന് വിമര്‍ശിച്ചു. കേസ് ഫെബ്രുവരി ഒമ്പതിനു വീണ്ടും പരിഗണിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ പ്രഥമദൃഷ്‌ട്യാ ശരിയാണെന്ന് വ്യക്‌തമാക്കുന്നതാണ് വി.എസ്.എസ്.സിയില്‍ നടത്തിയ പരിശോധനയുടെ ഫലമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വി.എസ്.എസ്.സിയില്‍ നടത്തിയ രാസപരിശോധനയില്‍ 1998ലേയും 2019ലേയും പാളികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യഥാര്‍ഥ സ്വര്‍ണപ്പാളിയിലെ നിക്കലിന്റെയും ആക്രിലിക് പോളിമറിന്റെയും അസാന്നിധ്യവും പിന്നീട് സ്വര്‍ണം പൂശിയ പാളിയിലെ ഇവയുടെ സാന്നിധ്യവും മെര്‍ക്കുറിയുടെ അസാന്നിധ്യവും കോടതി ചൂണ്ടിക്കാട്ടി.
വിദഗ്‌ധവും വ്യവസ്‌ഥാപിതവുമായാണ് കുറ്റകൃത്യം നടന്നിരിക്കാമെന്നതിനാല്‍ സമഗ്രവും ആഴത്തിലുള്ളതും വിശദവുമായ അന്വേഷണവുമായി മുന്നോട്ടു പോകാനും ജസ്‌റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബഞ്ച് പ്രത്യേകാന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി. 2024ലും 2025ലും നടന്നിരിക്കുന്ന ഇടപാടുകള്‍ സംബന്ധിച്ചും എസ്.ഐ.ടിക്ക് അന്വേഷിക്കാം.
പ്രത്യേകാന്വേഷണസംഘത്തിന് (എസ്.ഐ.ടി) നേതൃത്വം നല്‍കുന്ന എച്ച്.വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്.ശശിധരന്‍ എന്നിവര്‍ ഇന്നലെ നേരിട്ടു ഹൈക്കോടതിയില്‍ ഹാജരായി കേസന്വേഷണത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ അറസ്‌റ്റ് ഉണ്ടായേക്കുമെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു.
സ്വര്‍ണപ്പാളികളുടെ പരിശോധന വി.എസ്.എസ്.സിയില്‍ നടത്തിയതിന്റെ റിപ്പോര്‍ട്ടും എസ്.ഐ.ടി കോടതിയില്‍ സമര്‍പ്പിച്ചു. 1998ല്‍ സ്വര്‍ണപ്പാളികള്‍ പൊതിഞ്ഞപ്പോള്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെ അളവെത്ര, 2019ല്‍ പൂശാന്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെ അളവെത്ര, നേരത്തെയുണ്ടായിരുന്ന സ്വര്‍ണപ്പാളികള്‍ മാറ്റിയാണോ സ്വര്‍ണം പൂശിയത് എന്നീ കാര്യങ്ങളാണ് പരിശോധിച്ചത്. ശാസ്‌ത്രീയ റിപ്പോര്‍ട്ടിലെ വിശദ വിവരങ്ങള്‍ വിദഗ്‌ധരുടെ സഹായത്തോടെ കൂടുതലായി പരിശോധിക്കും.