-->
പാലാ: ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാനിരുന്ന ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമിയില്‍ സര്‍ക്കാരിന് അവകാശമില്ലെന്നു പാലാ സബ് കോടതി. എസ്‌റ്റേറ്റിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ച് ഗോസ്‌പല്‍ ഫോര്‍ ഏഷ്യയുമായുള്ള (അയന ചാരിറ്റബിള്‍ ട്രസ്‌റ്റ്) കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയാണ് കോടതിവിധി.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍പ്പെട്ട 2263 ഏക്കര്‍ ചെറുവള്ളി എസ്‌റ്റേറ്റ് ഉള്‍പ്പെടെ 2570 ഏക്കര്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ പ്രാഥമികവിജ്‌ഞാപനം ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. 2013-ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം, പദ്ധതിക്കാവശ്യമായ ഏറ്റവും കുറഞ്ഞ അളവ് ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജസ്‌റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്.
വലിയ വിമാനത്താവളത്തിനുപോലും 1200 ഏക്കര്‍ മതിയെന്നിരിക്കേ, ഇവിടെ എന്തിനാണ് ഇത്രയധികം ഭൂമിയെന്നും കോടതി ചോദിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിന് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 25-നാണ് വിജ്‌ഞാപനം പുറപ്പെടുവിച്ചത്. ഏറ്റെടുക്കലിനു മുന്നോടിയായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്‌ഞാപനം ഹൈക്കോടതി രണ്ടാമതും റദ്ദാക്കിയിരുന്നു. വിജ്‌ഞാപനത്തിനു മുമ്പുള്ള സാമൂഹികാഘാതപഠന (എസ്.ഐ.എ) റിപ്പോര്‍ട്ട്, വിദഗ്‌ധസമിതി റിപ്പോര്‍ട്ട്, സര്‍ക്കാര്‍ ഉത്തരവ് എന്നിവ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
സ്വാഗതം ചെയ്‌ത്‌ബിലീവേഴ്‌സ് ചര്‍ച്ച്
കോട്ടയം: ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട കോടതി വിധി സ്വാഗതം ചെയ്‌ത് ബിലീവേഴ്‌സ് ചര്‍ച്ച്. 2009 മുതല്‍ ഭൂമിയുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നടന്നുവരുകയാണ്. കോടതിവിധിയോടെ ഭൂമിയുടെ ഉടമസ്‌ഥാവകാശം പൂര്‍ണമായും സഭയുടെ ഉടമസ്‌ഥതയിലുള്ള അയന ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ അധീനതയിലാണെന്നു തെളിയിക്കപ്പെട്ടു. വിമാനത്താവളത്തിനു സഭ അനുകൂലമാണെന്നും നിയമനടപടികള്‍ പാലിച്ച് സ്‌ഥലം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സഭാനേതൃത്വം അറിയിച്ചു.