Sunday, March 15, 2026 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.03 AM

ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാനുള്ള യുഎസ് നീക്കത്തെ പിന്തുണച്ചില്ല: 8 യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വന്‍ തീരുവ ചുമത്തി ട്രംപ്

trump, tariff, european, countries, greenland

വാഷിംഗ്ടണ്‍: ഗ്രീന്‍ലന്‍ഡിനെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്ത എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫെബ്രുവരി ഒന്നു മുതല്‍ തീരുവ നിലവില്‍ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലണ്ട്, നോര്‍വെ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് പുതിയ തീരുവ പ്രഖ്യാപിച്ചത്.

ജൂണ്‍ ഒന്നു മുതല്‍ തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ ഡെന്മാര്‍ക്കുമായി നടന്ന ചര്‍ച്ചയില്‍ ധാരണയാകാതിരുന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ തീരുവ നീക്കം. നടപടി പൂര്‍ണമായും തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറും അസ്വീകാര്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും പ്രതികരിച്ചു. ട്രംപിന്റെ തീരുവ ഭീഷണി അത്ഭുതപ്പെടുത്തിയെന്ന് ഡെന്മാര്‍ക്ക് വിദേശകാര്യമന്ത്രി ലാര്‍സ് ലോക്കെ റാസ്മുസ്സെന്‍ പ്രതികരിച്ചു. ഗ്രീന്‍ലണ്ട് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ ഗ്രീന്‍ലണ്ടിലും ഡെന്മാര്‍ക്കിലും പതിനായിരങ്ങളുടെ പ്രതിഷേധമാണ് നടക്കുന്നത്. ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹാഗെനിലും ഗ്രീന്‍ലന്‍ഡ് തലസ്ഥാനമായ നൂക്കിലും പ്രകടനങ്ങള്‍ നടന്നു.

പലവിധ മിനറലുകളാല്‍ സമ്പന്നമായ ഗ്രീന്‍ലന്‍ഡിനെ ദേശീയ സുരക്ഷയുടെ പേരുപറഞ്ഞാണ് സൈനിക നീക്കത്തിലൂടെ ട്രംപ് ഏറ്റെടുക്കാന്‍ നോക്കുന്നത്. റഷ്യയുടേയും ചൈനയുടേയും ഭീഷണിയില്‍ നിന്ന് ഗ്രീന്‍ലന്‍ഡിനെ സംരക്ഷിക്കാന്‍ ഈ നീക്കം കൂടിയേ തീരൂ എന്നുമാണ് അമേരിക്കയുടെ അവകാശവാദങ്ങള്‍. റഷ്യന്‍, ചൈനീസ് താത്പര്യങ്ങളില്‍ നിന്ന് ഗ്രീന്‍ലന്‍ഡിനെ ഡെന്മാര്‍ക്ക് സംരക്ഷിച്ചുകൊള്ളുമെന്ന് തത്ക്കാലം സമാധാനിച്ചിരിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നാണ് ട്രംപ് പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW