-->
നടന്‍ കമല്‍ ഹാസനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ഉര്‍വശിയുടെ മകളും നടിയുമായ തേജാലക്ഷ്മി. അമ്മ ഉര്‍വശിക്കൊപ്പമായിരുന്നു കമല്‍ഹാസനെ കാണാന്‍ തേജാലക്ഷ്മി എത്തിയത്. ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കമല്‍ഹാസനെ നേരില്‍ കാണാനും കൂടെ സമയം ചെലവഴിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം പങ്കിട്ട് തേജാലക്ഷ്മി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്.
തേജാലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
അത് 2001-ലാണ്. ഞാന്‍ അന്ന് ഒരു കൊച്ചു കുഞ്ഞാണ്. 'പഞ്ചതന്ത്രം' എന്ന സിനിമയുടെ സെറ്റില്‍ അമ്മയോടൊപ്പം ഞാനുമുണ്ടായിരുന്നു. സാധാരണയായി ഞാന്‍ വലിയ വാശിയൊന്നും പിടിക്കാത്ത കുട്ടിയായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
എന്നാല്‍ എപ്പോഴെങ്കിലും ഞാന്‍ കരയാന്‍ തുടങ്ങിയാല്‍, കമല്‍ സാര്‍ എന്നെ എടുത്തു കൊണ്ടുനടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരങ്ങള്‍ തന്ന് എന്റെ കരച്ചില്‍ മാറ്റുകയും ചെയ്യുമായിരുന്നു. എനിക്ക് ഓര്‍മ്മയില്ലാത്ത പ്രായമാണെങ്കിലും എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ കേട്ടുവളര്‍ന്ന ഒരു കഥയാണിത്.
. ഇത് 2025-ലെ സൈമ (SIIMA) അവാര്‍ഡ് വേദിയാണ്. ഞാന്‍ അമ്മയ്‌ക്കൊപ്പം ഇരിക്കുകയാണ്, അമ്മയുടെ തൊട്ടടുത്ത് തന്നെ കമല്‍ സാറുമുണ്ട്. അമ്മ സ്റ്റേജില്‍ കയറുന്നതിന്റെയും മറ്റും തിരക്കിലായതുകൊണ്ട് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താന്‍ വിട്ടുപോയി. ഓരോ നിമിഷവും ഞാന്‍ അദ്ദേഹത്തെ ഒളിഞ്ഞുനോക്കി, എങ്ങനെ പോയി 'ഹായ്' പറയണമെന്ന് മനസ്സില്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. സത്യം പറഞ്ഞാല്‍ എനിക്ക് എന്തോ ഒരു പേടിയുണ്ടായിരുന്നു.
തന്റെ തിരക്കുകള്‍ കാരണം അദ്ദേഹം ചടങ്ങില്‍ നിന്ന് നേരത്തെ ഇറങ്ങി. അന്ന് ഞാന്‍ അമ്മയോട് സങ്കടം പറഞ്ഞ് ഒരുപാട് കരഞ്ഞു, 'എനിക്ക് അദ്ദേഹത്തോട് ഒന്നും സംസാരിക്കാന്‍ പറ്റിയില്ല, ഒന്ന് 'ഹായ്' പോലും പറയാന്‍ കഴിഞ്ഞില്ല, എന്റെ തൊട്ടടുത്ത് ഉണ്ടായിട്ടും ഞാന്‍ നോക്കി നില്‍ക്കുകയേ ചെയ്തുള്ളൂ, എനിക്ക് ഒരുപാട് സങ്കടം തോന്നുന്നു' എന്ന്.
അമ്മ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു, 'സാരമില്ല മോളെ, വിഷമിക്കണ്ട. അദ്ദേഹത്തിന് നിന്നെ ഓര്‍മ്മയുണ്ടാകും, നമുക്ക് എന്നെങ്കിലും അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കാണാം.' ആ നിമിഷം മുതല്‍, ആ 'എന്നെങ്കിലും' എന്നത് എത്രയും വേഗം വരണമേ എന്ന് ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുമായിരുന്നു.
. ഒടുവില്‍ ആ ദിവസം വന്നു എനിക്ക് തോന്നിയ ആവേശവും നന്ദിയും വാക്കുകള്‍ക്ക് അപ്പുറമാണ്. പത്ത് മിനിറ്റില്‍ താഴെ മാത്രമേ ഞാന്‍ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചുള്ളൂ എങ്കിലും, ആ പത്ത് മിനിറ്റ് പത്ത് വര്‍ഷത്തിന് തുല്യമായി എനിക്ക് തോന്നി. എനിക്ക് അതെല്ലാമായിരുന്നു. എല്ലാ വികാരങ്ങളും ഒരേസമയം എന്നിലൂടെ കടന്നുപോയി, ഒപ്പം വലിയൊരു നന്ദിയും.
ശരിയായ സമയത്ത്, എല്ലാം പൂര്‍ത്തിയാവും, അതിന് ജീവിതത്തിന് അതിമനോഹരമായ ഒരു വഴിയുണ്ട്. ഇത്തരം നിമിഷങ്ങളാണ് ഈ ജീവിതത്തോട് എനിക്ക് എന്നും കടപ്പാട് തോന്നിപ്പിക്കുന്നത്. എല്ലാവര്‍ക്കും പൊങ്കല്‍ ആശംസകള്‍.
അതേസമയം സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് തേജാ ലക്ഷ്മി. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ലോഞ്ചും അടുത്തിടെ നടന്നിരുന്നു.