-->
ടെഹ്‌റാന്‍: വന്‍ കലാപവും പ്രക്ഷോഭവും നടക്കുന്ന ഇറാനില്‍ പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ലെന്ന് വിദേശകാര്യമന്ത്രി. പ്രക്ഷോഭങ്ങളില്‍ ഇതുവരെ 3428 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 12,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര വാര്‍ത്താഏജന്‍സികള്‍ പറയുന്നത്. ഇറാനെതിരേ ജി-7 രാജ്യങ്ങള്‍ ഉപരോധം കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ച്ചി ഫോക്‌സ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ വധിശിക്ഷയില്ലെന്ന് പറഞ്ഞത്.
ഇറാനില്‍ കൂട്ടക്കുരുതി അവസാനിക്കുകയാണെന്ന് വിവരം ലഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കി. ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം തീരുമാനിക്കുമെന്നായിരുന്നു മറുപടി. എന്നാല്‍ ഇറാനെതിരെ അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കാന്‍ രാജ്യം തയാറാണെന്ന് പ്രതിരോധമന്ത്രി അസീസ് നസീര്‍സാദെ പറഞ്ഞു. അതേസമയം ഇറാന്‍ വ്യോമമേഖല അടച്ചു. ഇറാനില്‍ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളൊഴികെയുള്ള മറ്റെല്ലാ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് വിലക്ക് എട്ടാം ദിവസവും തുടരുകയാണ്.
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം 19-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംഘര്‍ഷങ്ങള്‍ ഏറ്റുമുട്ടലിലൂടെയല്ലാതെ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അബ്ബാസ് അരഗ്ചി ആവശ്യപ്പെട്ടു. ഇറാന്റെ വ്യോമപാതയിലൂടെ സഞ്ചരിച്ചിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതുകൊണ്ട് തന്നെ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
സുരക്ഷിതമായി വഴിതിരിച്ചുവിടാന്‍ സാധിക്കാത്ത വിമാനങ്ങള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് യാത്രക്കാര്‍ വെബ്സൈറ്റില്‍ കയറി വിമാനത്തിന്റെ വിവരങ്ങള്‍ അറിയണമെന്നും എയര്‍ ഇന്ത്യ നിര്‍ദേശിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
രണ്ട് പതിറ്റാണ്ടുകളായി ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായി കൊണ്ടിരിക്കുകയാണെന്നും യുദ്ധത്തേക്കാള്‍ നല്ല മാര്‍ഗം നയതന്ത്രമാണെന്നും അരഗ്ചി പറഞ്ഞു. ഇതിനിടെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ സ്ഥിരീകരിച്ചു. ഇറാനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു.