-->
ഉത്തർപ്രദേശിലെ ബറേലിയിൽ കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. തന്റെ അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞതിനെത്തുടർന്നാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തത്. ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കേസുമായി ബന്ധപ്പെട്ട് ഇരയുടെ ഭാര്യ മമതാ ദേവി (30), കാമുകൻ ഹോതം സിംഗ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സുരേഷ്പാൽ സിംഗ് (50) ഒരു കർഷകനാണ്.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ഭർത്താവ് സുരേഷ്പാൽ ഉറങ്ങിക്കിടക്കുമ്പോൾ മമത അയാളെ കട്ടിലിൽ അമർത്തിപ്പിടിച്ചു. ഈ സമയം കൂലിപ്പണിക്കാരനായ ഹോതം സിംഗ് മുറിയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് സുരേഷ്പാലിന്റെ തലയിലും മുഖത്തും മാരകമായി അടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ സുരേഷ്പാൽ മരിച്ചു. കൊലപാതകത്തിന് ശേഷം ആയുധവുമായി ഹോതം സിംഗ് കടന്നുകളഞ്ഞു.
മമതയും സുരേഷ്പാലും 11 വർഷമായി വിവാഹിതരാണ്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. എന്നാൽ ഹോതം സിംഗുമായി മമത പ്രണയത്തിലായതോടെ ദാമ്പത്യത്തിൽ വിള്ളലുകൾ വീണു. ഇവരുടെ ബന്ധത്തെ സുരേഷ്പാൽ എതിർത്തിരുന്നതായും ഇത് വീട്ടിൽ നിരന്തരമായ വഴക്കുകൾക്ക് കാരണമായതായും പോലീസ് പറയുന്നു.
ബന്ധം അവസാനിപ്പിക്കാൻ സുരേഷ്പാൽ ആവശ്യപ്പെട്ടതോടെയാണ് അയാളെ ഒഴിവാക്കാൻ മമത തീരുമാനിച്ചത്. കൊലപാതകത്തിന് ശേഷം സംശയം ഒഴിവാക്കാൻ മമത പല നാടകങ്ങളും നടത്തി. ഉറങ്ങിക്കിടന്ന തന്റെ 11 വയസ്സുകാരനായ മകനെ വിളിച്ചുണർത്തി വിവരം ഗ്രാമത്തലവനെ അറിയിക്കാൻ ആവശ്യപ്പെട്ടു.ടോയ്‌ലറ്റിൽ പോകാൻ എഴുന്നേറ്റപ്പോഴാണ് ഭർത്താവ് രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടതെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്. തെളിവ് നശിപ്പിക്കാനായി തന്റെ ഫോണിലെ സിം കാർഡും മമത നശിപ്പിച്ചു. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ മമത തകരുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.
ഫോൺ കോൾ രേഖകൾ പരിശോധിച്ചതോടെ കാമുകൻ ഹോതം സിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിന്നീട് പോലീസ് പിടികൂടുകയും കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്ത ഇരുവരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.