-->
കഴിഞ്ഞ പത്ത് വര്‍ഷമായി സിനിമാ മേഖലയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് ജി. സുരേഷ് കുമാര്‍. സിനിമാ മേഖലയെ സര്‍ക്കാര്‍ കറവപ്പശുവായാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിനിമാ സംഘടനകളുടെ പ്രതിനിധികളുടെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുരേഷ് കുമാറിന്റെ രൂക്ഷ വിമര്‍ശനം.
വിനോദ നികുതിയെക്കുറിച്ചുളള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി. ഇടയക്ക് നിര്‍ത്തലാക്കിയിട്ട് വീണ്ടും കൊണ്ടുവന്നു. സിനിമാ മേഖലയെ കറവപ്പശുവായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. കിട്ടുന്നതെല്ലാം അങ്ങോട്ട് എടുക്കുന്നു. തിരിച്ചൊന്നും തരുന്നില്ല. ഓരോ സംസ്ഥാനങ്ങളും കോടിക്കണക്കിന് രൂപയാണ് സബ്‌സിഡി നല്‍കുന്നത്.
ഇവിടെ തരുന്ന അഞ്ചു ലക്ഷം രൂപ മൂക്കിപ്പൊടി വാങ്ങിക്കാന്‍ തികയില്ല. എന്തൊരു കഷ്ടമാണെന്ന് ആലോചിച്ചു നോക്കൂ. സിനിമാ ഇന്‍ഡസ്ട്രിക്ക് വേണ്ടി കഴിഞ്ഞ പത്തു കൊല്ലം സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടില്ല. കോണ്‍ക്ലേവ് നടത്തി. എന്തൊക്കെയോ സംഭവിക്കുമെന്ന് ഞങ്ങള്‍ വിചാരിച്ചു. വെറും കണ്ണില്‍പ്പൊടിയിടുന്നതല്ലാതെ വേറൊന്നും നടന്നിട്ടില്ല സുരേഷ് കുമാര്‍ പറഞ്ഞു.
ആടിനെ പ്ലാവില കാണിച്ചു കൊണ്ടുപോവുന്ന പോലെ സിനിമാ മേഖലയെ മൊത്തം കബളിപ്പിച്ചുവെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് ആരോപിച്ചു. ഏറ്റവും കൂടുതല്‍ നികുതി ചുമത്തപ്പെടുന്ന വ്യവസായ മേഖലയാണിതെന്നും ബജറ്റില്‍ പോലും തങ്ങളെ പരിഗണിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 21 ന് സിനിമാ സംഘടനകള്‍ സൂചനാ സമരം നടത്തുന്നുണ്ട്. അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഫിലിം ചേംബര്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് സമരം. ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെക്കുകയും തിയറ്ററുകള്‍ അടച്ചിടുകയും ചെയ്യും.