Saturday, March 14, 2026 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 11.56 AM

‘അവസരത്തിനൊത്ത് അണിയാനുളളതല്ല പ്രത്യയശാസ്ത്രം’; ടോക്‌സിക് വിവാദത്തില്‍ പ്രതികരണവുമായി അതുല്യ ചന്ദ്ര

athulya-chandra
photo-www.instagram.com/athulya_chandra/

യഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക്: എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ് ടീസറിനെതിരായ വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി നടി അതുല്യ ചന്ദ്ര. അവസരത്തിനൊത്ത് അണിയാനുളളതല്ല പ്രത്യയശാസ്ത്രമെന്ന് നടി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
ടോക്‌സിക് ടീസറുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കിടെ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറേയില്‍ അതുല്യ അവതരിപ്പിച്ച കഥാപാത്രവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പരോക്ഷ പ്രതികരണവുമായി നടി രംഗത്തെത്തിയത്.

‘താന്‍ പ്രസംഗിക്കുന്ന മൂല്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്നതിനേക്കാള്‍ എളുപ്പമാണ് ഒരു പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടില്‍ അവതരിപ്പിച്ച് മറ്റൊരാളുടെ ജീവിതത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. സെലക്ടീവായ ധൈര്യപ്രകടനത്തില്‍ റാഡിക്കലായി ഒന്നുമില്ല. പ്രത്യയശാസ്ത്രം അവസരത്തിനൊത്ത് എടുത്തണിയാനുളളതോ സ്വന്തം വൈരുദ്ധ്യങ്ങള്‍ മറച്ചുവെച്ച് മറ്റുളളവര്‍ക്കുനേരെ പിടിപ്പിക്കാനുളള പരിചയോ അല്ല ’എന്നായിരുന്നു അതുല്യയുടെ കുറിപ്പ്.

ടോക്‌സിക് ടീസറില്‍ സ്ത്രീകളെ പ്രദര്‍ശന വസ്തുവാക്കുന്നു, കച്ചവടക്കാരാക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരായി പാര്‍വതി തിരുവോത്ത് നിലപാട് എടുത്തപ്പോള്‍ അതിനെ പിന്തുണച്ച ഗീതു മോഹന്‍ദാസിന് ഇരട്ടത്താപ്പാണെന്നും വിമര്‍ശനമുണ്ടായി. ഇതിനെ പ്രതിരോധിക്കാന്‍ നടി റിമ കല്ലിങ്കല്‍ പങ്കുവെച്ച സാമൂഹികമാധ്യമ പോസ്റ്റില്‍ അതുല്യയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പമരാക്ഷ മറുപടിയുമായി താരം എത്തിയത്.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്തായിരുന്നു റിമ ഗീതു മോഹന്‍ദാസിനെ പിന്തുണച്ച് രംഗത്തെത്തിയത്. ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും... എന്ന തലക്കെട്ടില്‍ വന്ന കുറിപ്പായിരുന്നു റിമ പങ്കുവെച്ചത്.

ഡീയസ് ഈറെയുടെ റിലീസിന് ശേഷം ഒരുപാട് പേര്‍, ട്രോള്‍ പേജുകളും ഫിലിം പേജുകളുമടക്കം, അതുല്യ ചന്ദ്രനെ വെറും സെഡക്ടീവ് ഒബ്ജെക്ടായി തരംതാഴ്ത്തിയത് സങ്കടപ്പെടുത്തുന്നതായിരുന്നു. അവള്‍ക്ക് നല്‍കപ്പെട്ട പേരുകള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അത് അവ ബോള്‍ഡ് ആയതു കൊണ്ടല്ല, മറിച്ച് നമ്മുടെ കാഴ്ചപ്പാടുകളെ തുറന്ന് കാണിക്കുന്നതായിരുന്നു എന്നതിനാലാണ്.ഏറ്റവും വലിയ തമാശ, ഈ ചര്‍ച്ചകളിലെല്ലാം പ്രണവ് മോഹന്‍ലാല്‍ അപ്രതക്ഷ്യനായിരുന്നു എന്നതാണ്. എന്നായിരുന്നു കുറിപ്പില്‍ അതുല്യയെക്കുറിച്ചുളള പരാമര്‍ശം.

ഏതാണ്ട് അതുല്യ ആ ഇന്റിമേറ്റ് രംഗം ഒറ്റയ്ക്ക് അഭിനയിച്ചതു പോലെ. ഡീയസ് ഈറെയിലെ ആ രണ്ടോ മൂന്നോ മിനുറ്റുള്ള സീന്‍ മാത്രം മതിയായിരുന്നു മലയാളികള്‍ക്ക് വീണ്ടും സദാചാര പോലീസിന്റെ ബാഡ്ജ് അണിയാന്‍. കുറിപ്പില്‍ പറയുന്നു.

Ads by Google
Wednesday 14 Jan 2026 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW