-->
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. മാവേലിക്കര സബ്ജയിലില്‍ നിന്നുമാണ് രാഹുലിനെ കോടതിയില്‍ ഹാജരാക്കുക. വിശദമായ തെളിവെടുപ്പിനായി ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം.
വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയെന്നാണ് കേസ്. രാഹുലുമായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. പീഡന പരാതി നല്‍കാന്‍ ഒരുങ്ങിയ ഘട്ടത്തില്‍ രാഹുല്‍ അതിജീവിതയ്ക്കെതിരെ നടത്തിയ ഗുരുതര ഭീഷണി സന്ദേശങ്ങളുടെ വിവരങ്ങളും പുറത്തുവന്നു.
കഴിഞ്ഞ ഞായറാഴ്ച ആറുമണിക്കൂറിലധികം ചോദ്യം ചെയ്തെങ്കിലും രാഹുല്‍ പൂര്‍ണമായി സഹകരിച്ചിരുന്നില്ല. ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം വാദം തുടര്‍ന്നാല്‍ മതി എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ ആലോചന.