-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും എസ്‌ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുകായണ് ലക്ഷ്യമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, മുരാരി ബാബു എന്നീ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
നേരത്തെ എസ്‌ഐടിയുടെ നടപടിയെ വിമര്‍ശിച്ച അതേ ദേവസ്വം ബെഞ്ച് തന്നെയാണിപ്പോള്‍ വീണ്ടും ശങ്കരദാസിന്റെ അറസ്റ്റ് ഉണ്ടാകാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കെപി ശങ്കരദാസ് ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോയടക്കം ഇന്ന് പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.