-->
നാടകരംഗത്ത് നിന്ന് ചലച്ചിത്രരംഗത്തേക്ക് എത്തി ടെലിവിഷനിലും സിനിമയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സജിത മഠത്തില്‍. മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് നേടിയ സജിത, സംഗീത നാടക അക്കാദമിയിൽ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചുരുക്കം സിനിമകളിലൂടെയാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ സജിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ താന്‍ കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ തൊഴില്‍രഹിതയാണെന്ന് കുറിക്കുകയാണ് സജിത മഠത്തില്‍. സജിതക്കു പണത്തിന്റെ ആവശ്യം ഇല്ലല്ലോ എന്നു കരുതുന്നവർ സിനിമ മേഖലയിലെ അറ്റത്തു നില്കുന്നവർക്ക് പോലും പ്രതിഫലം നൽകാൻ ഉത്സാഹം കാണിക്കുന്നുണ്ട് എന്നാണ് സജിത കുറിച്ചിരിക്കുന്നത്. എഴുത്തിലൂടെയും വല്ലപ്പോഴും കിട്ടുന്ന അഭിനയത്തിലൂടേയും ജീവിച്ചു പോകാനുള്ളത് കിട്ടുമെന്നും തന്റെ ഈ ചെറിയ ജീവിതത്തില്‍ സന്തോഷവതിയാണെന്നുമാണ് സജിത മഠത്തില്‍ കുറിച്ചിരിക്കുന്നത്. വീട്ടില്‍ വെറുതെ ഇരിക്കാന്‍ തനിക്ക് കൂട്ട് പുസ്തകങ്ങള്‍ ആണെന്നുമാണ് താരം കുറിച്ചിരിക്കുന്നത്.
‘‘ഞാൻ ഈ വർഷം നന്നാവാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇവ തുറന്നു പറയണമെന്ന് കരുതുന്നത്. കഴിഞ്ഞ വർഷം പകുതി മുതൽ ഞാൻ തൊഴിൽ രഹിതയാണ്. കുടുംബ സ്വത്തോ, നീക്കിയിരിപ്പോ ജീവിതസാഹചര്യങ്ങളാൽ എനിക്ക് ഇല്ല. പക്ഷെ എനിക്ക് ജീവിച്ചു പോകാനുള്ളത് ഞാൻ എഴുത്തും, വല്ലപ്പോഴും കിട്ടുന്ന അഭിനയവും, മറ്റു ജോലികളും ആയി ഉണ്ടാക്കുന്നുണ്ട്, എന്റെ ചെറിയ ജീവിതത്തിൽ ഏറെ സന്തോഷവതിയും ആണ്. വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. അവിടെ എനിക്ക് മിണ്ടാൻ കുറെ കഥാപാത്രങ്ങളെ ലോകം ചുറ്റുന്നതിനിടയിൽ ഞാൻ വാങ്ങിച്ചു വെച്ചിട്ടുണ്ട്. എത്ര കാലം വേണമെങ്കിലും ആ ലോകത്തു സമാധാനമായി ഞാൻ ജീവിക്കും.
പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. കേരളത്തിനകത്തും പുറത്തും പരിപാടികളിൽ പങ്കെടുക്കാൻ വിളിക്കുന്ന സുഹൃത്തുക്കളോടും പരിചയക്കാരോടും ആണ്, നിങ്ങൾ എന്നെ ഓർക്കുന്നതിലും പരിപാടികളിൽ പങ്കെടുപ്പിക്കണം എന്ന് തീരുമാനിക്കുന്നതും എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് താല്പര്യമുള്ള വിഷയങ്ങളിൽ യാതൊരു മടിയുമില്ലാതെ ഞാൻ അങ്ങോട്ട് ആവശ്യപെട്ടു പങ്കെടുക്കാൻ ശ്രമിക്കുകയും ചെയ്യും. പക്ഷെ നിങ്ങളുടെ പരിപാടികൾ എന്റെ ആവശ്യമാക്കി മാറ്റരുത്.
സംസാരിക്കാനുള്ള വിഷയം പഠിച്ചു, അതിനു കുറെ സമയം ചിലവഴിച്ചു യാത്ര ചെയ്തു പോയി വണ്ടികൂലിക്കു കാശു ഉണ്ടോ എന്നു പോലും ചോദിക്കാത്തത്തിൽ ദുഃഖത്തോടെ മടങ്ങി വന്ന സന്ദർഭം കുറെ തവണ ഉണ്ടായിട്ടുണ്ട്. സജിതക്കു പണത്തിന്റെ ആവശ്യം ഇല്ലല്ലോ എന്നു കരുതുന്നവർ സിനിമ മേഖലയിലെ അറ്റത്തു നില്കുന്നവർക്ക് പോലും വലിയ പ്രതിഫലം നൽകാൻ ഉത്സാഹം കാണിക്കും.
മിനിമം മര്യാദ കാണിക്കുന്നരോട് മാത്രമേ ഇനി കൂട്ട് കൂടുന്നുള്ളൂ എന്നു ഞാൻ തീരുമാനിച്ചു. എന്റെ സമയം എനിക്ക് വിലപ്പെട്ടതാണ്. ചിലവഴിച്ച മണിക്കൂറുകൾ അനുസരിച്ചു ന്യായമായ പ്രതിഫലം കിട്ടുക, നൽകുക എന്നത് മിനിമം മര്യാദയാണ്... അതു ചോദിക്കപോലും ഇല്ലാതെ പരിപാടികളിൽ ഇനി പങ്കെടുക്കണം എന്നു എന്നെ നിർബന്ധിക്കരുത്. മിനിമം ചോദിക്കുകയെങ്കിലും വേണം... (അടുത്തപടിയായി
ശരിയായ രേഖാമൂലമുള്ള കരാർ ഇല്ലാതെ സ്ഥാപനങ്ങളുമായുള്ള അസൈൻമെന്റുകൾ എടുക്കേണ്ടതില്ല എന്നും തീരുമാനിക്കേണ്ടതുണ്ട്.) വളരെ വൈകി ആണെങ്കിലും ഞാൻ നന്നാവാൻ തന്നെ തീരുമാനിച്ചു. (ഇത്രയും എഴുതിയത് കുറെ ആലോചിച്ചാണ്. ക്ഷമിക്കണം. നിവൃത്തി ഇല്ലാഞ്ഞിട്ടാണ്.)...’’ എന്നും സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് സജിതയുടെ കുറിപ്പിന് കമന്റുകളിലൂടെ പിന്തുണ കുറിച്ചിരിക്കുന്നത്. ‘കലാകാരന്മാർ സൗജന്യമായി ലഭിക്കും എന്ന് ഒരു പൊതു ധാരണ പണ്ടേ മുതൽക്ക് നിലനിൽക്കുന്നുണ്ട്... എന്ന് മാറുമോ എന്തോ, ആദ്യം ഫോണെടുക്കാൻ ഒരു സെക്രട്ടറിയെ വച്ച് കാര്യങ്ങൾ അവരിൽ കൂടി വെടിപ്പായി നേരത്തെ പറഞ്ഞു കൊടുത്താൽ ഇങ്ങനെ പിന്നീട് വിഷമിക്കേണ്ടി വരില്ല, നേരത്തെ എടുക്കേണ്ടിയിരുന്നത്..... പുതിയ കൊല്ലം പിറക്കാൻ കാത്ത് നിൽക്കേണ്ടിയിരുന്നില്ല...’ എന്നതടക്കമാണ് കമന്റുകള്‍.