-->
ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ കമല്‍ഹാസന്‍ തന്റെ വ്യക്തിത്വാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയെ സമീപിച്ചു. തന്റെ പേര്, ചിത്രം, ഛായചിത്രങ്ങള്‍, ഇനിഷ്യല്‍സ്, പ്രശസ്ത ഡയലോഗുകള്‍, ' ഉലകനായകന്‍' എന്ന വിശേഷണം എന്നിവ അനുമതിയില്ലാതെ വാണിജ്യപരമായോ വ്യക്തിപരമായോ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നാണ് ഹര്‍ജി.
വര്‍ഷങ്ങളായുളള തന്റെ സിനിമ ജീവിതത്തിലൂടെ നേടിയ പ്രശസ്തിയും തിരിച്ചറിയലും ചിലര്‍ അനധികൃതമായി ഉപയോഗിച്ച് ടി- ഷര്‍ട്ടുകള്‍ ഉള്‍പ്പെടെയുളള ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതായി കമല്‍ഹാസന്‍ കോടതിയെ അറിയിച്ചു. ഇത് തന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കമല്‍ഹാസന്റെ ചിത്രങ്ങളും സിനിമയിലെ ഡയലോഗുകളും ഉള്‍പ്പെടുത്തി ടിഷര്‍ട്ടുകള്‍ ഉള്‍പ്പെടെയുളള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നടപടികള്‍ തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതും നിയമവിരുദ്ധവുമാണെന്നാണ് വാദം. ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.